X

മന്ത്രി ജലീലിന് കള്ളനെ കയ്യോടെ പിടിച്ചപ്പോഴുള്ള പരിഭ്രമം; ആരോപണം കടുപ്പിച്ച് ചെന്നിത്തല

എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്. വസ്തുതാപരമായ തന്റെ ആരോപണങ്ങള്‍ക്ക് മന്ത്രിക്ക് ഒരു മറുപടിയുമില്ലാതായപ്പോള്‍ തന്റെ മകനെക്കുറിച്ച് ബാലിശമായ കാര്യങ്ങള്‍ പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. എന്റെ മകന് സിവില്‍ സര്‍വീസില്‍ 210ാം റാങ്ക് ലഭിച്ചതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാകും. അവന്റെ കൂടെ ഞാന്‍ ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് പോയതാണ് അദ്ദേഹമിപ്പോള്‍ വലിയ സംഭവമായി പറയുന്നത്. എന്റെ മകന്റെ കൂടെ ഞാനല്ലാതെ പിന്നെയാര് പോകണമെന്നാണ് ജലീല്‍ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമുണ്ടാകുമെന്ന തന്റെ പ്രതീക്ഷ തെറ്റായിരുന്നു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുകയാണ് ജലീലെന്നും ചെന്നിത്തല പരിഹസിച്ചു.

മാര്‍ക്ക്ദാനവിവാദത്തിലെ തന്റെ ആരോപണം സത്യവിരുദ്ധമെന്ന് തെളിയിക്കാന്‍ ഇന്നും കെ ടി ജലീലിനെ വെല്ലുവിളിച്ച രമേശ് ചെന്നിത്തല മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗം എന്ന് കുറ്റപ്പെടുത്തി. താന്‍ ആരുടേയും ചട്ടുകമല്ലെന്നും വ്യക്തമാക്കിയ ചെന്നിത്തല, മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എങ്ങനെ ആണ് മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ഇടപെടലെന്നും സെക്രട്ടറി സൂപ്പര്‍ വിസി ചമയുകയാണോയെവന്നും ചോദിച്ചു.

താന്‍ മോഡറേഷന് എതിരല്ല, എന്നാല്‍ മാര്‍ക്ക് കുംഭകോണം പാടില്ലെന്നതാണ് തന്റെ നിലപാട്. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്ത് വരുന്നത് എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

മാര്‍ക്ക് ദാന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ചെന്നിത്തല വിമര്‍ശനങ്ങളുയര്‍ത്തി. വിവാദത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഘട്ടത്തില്‍ രാജി വച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കിയ പ്രതിപക്ഷം, മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

എം.ജി സര്‍വകലാശാലയുടെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മന്ത്രി തയാറാകുന്നില്ലെന്നും ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. എം.ജി സര്‍വകലാശാല സംഘടിപ്പിച്ച അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദ്ദീന്‍ പങ്കെടുക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അയാള്‍ മണിക്കൂറുകളോളം അദാലത്തില്‍ പങ്കെടുക്കുന്നതിന്റെയും വൈസ് ചാന്‍സലര്‍ അടക്കമുള്ളവരോട് സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി അദാലത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് മടങ്ങിയെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. കെ.ടി.യു അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുന്നതിന്റെ മിനിറ്റ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ അത് എഴുതിയ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് മന്ത്രി പറഞ്ഞത്. അദാലത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പേരാണ് മിനിറ്റ്‌സിലുള്ളത്. അംഗമെന്ന നിലയില്‍ ഷറഫറുദ്ദീന്‍ ഒപ്പിടുകയും ഇതിനു താഴെ വൈസ് ചാന്‍സലര്‍ ഒപ്പു വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കേരള സാങ്കേതിക സര്‍വകലാശാലയിലും എം.ജി സര്‍വകലാശാലയിലും നടന്ന അദാലത്തില്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കണം. സിന്‍ഡിക്കേറ്റ് നിയമാനുസൃതമായാണ് തീരുമാനമെടുത്തതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ മാര്‍ക്ക് ദാനം ചെയ്യാനുള്ള അധികാരം സിന്‍ഡിക്കേറ്റിനില്ല. അതത് പാസ് ബോര്‍ഡുകള്‍ക്കാണ് അതിനുള്ള അധികാരം. ആ തീരുമാനം സിന്റിക്കേറ്റ് അംഗീകരിക്കുകയും വേണം. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് ദാനം നടത്തിയതെന്ന ചോദ്യത്തിന് വി.സിയോ മന്ത്രിയോ മറുപടി നല്‍കിയിട്ടില്ല. 2012ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കോഴിക്കോട് സര്‍കലാശാലയില്‍ ബി.ടെക്ക് വിദ്യാര്‍ഥികള്‍ക്ക് 20 മാര്‍ക്ക് മോഡറേഷന്‍ നല്‍കിയെന്ന ജലീലിന്റെ വാദം അടിസ്ഥാനരഹിതമാണ്. കോഴിക്കോട് സര്‍വകലാശാലയിലെ മോഡറേഷനും ഇപ്പോഴത്തെ മാര്‍ക്ക് ദാനവുമായി ഒരു ബന്ധവുമില്ല. 2004 ന്റെ സ്‌കീമിന്റെ അടിസ്ഥാനപരമായ തകരാര്‍ മറികടക്കാന്‍ അക്കാദമിക് കൗണ്‍സിലിന്റെയടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോഡറേഷന്‍ നടപ്പാക്കിയതാണ്. അതിനായി എല്ലാ വിദ്യാര്‍ഥികള്‍ക്കും മോഡറേഷന്‍ നല്‍കിയിരുന്നു. അല്ലാതെ അദാലത്ത് നടത്തി ആവശ്യപ്പെടുന്ന കുട്ടികള്‍ക്കെല്ലാം മാര്‍ക്ക് ദാനം നല്‍കുകയല്ല ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
അദാലത്തിനെ മാര്‍ക്ക് കച്ചവടം നടത്തുന്ന ചന്തപോലെയാക്കി മാറ്റിയിരിക്കുകയാണ്. അദാലത്തില്‍വച്ച് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം തെറ്റാണെന്ന് സി.പി.എം നേതാവും മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായ പി.കെ ഹരികുമാറിന്റെ അഭിപ്രായം പ്രസക്തമാണ്. സര്‍വകലാശാലകള്‍ ചട്ടപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. എന്നാല്‍ സര്‍വകലാശാലകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിയും സര്‍ക്കാരും കുടപിടിക്കുന്നതാണ് കാണുന്നത്. പരീക്ഷാ കലണ്ടര്‍ പോലും മന്ത്രിയുടെ ഓഫീസ് തിരുത്തുന്നു. ഇത്തരത്തില്‍ മന്ത്രിയുടെ ഓഫിസിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ശാഖാ ഓഫീസായി സര്‍വകലാശാലകളെ മാറ്റുന്നു. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. വ്യക്തമായ തെളിവുകളോടെ ഉന്നയിക്കപ്പെട്ട മാര്‍ക്ക് കുംഭകോണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്നും ഇത് അന്വേഷിക്കാന്‍ തയാറാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം പരാതി കൊടുക്കുന്നതു സംബന്ധിച്ച് ഗവര്‍ണറെ കാണുമെന്നും ചെന്നിത്തല വ്യക്തമാക്കി.

chandrika: