ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാറിനോട് വിശദീകണം തേടി.പ്രതിപക്ഷം ഉന്നയിച്ച പരാതിയുടെ അടിസ്ഥനത്തിലാണ് നടപടി.ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയില്‍ വിശദീകരണം വേണമെന്ന് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം.ഉടന്‍ വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി.
അതെസമയം കഴിഞ്ഞ ദിവസമാണ് ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് മുഖ്യമന്ത്രിയേയും ആര്‍ ബിന്ദുവിനേയും സംരക്ഷിക്കാനെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് സംഘം ഗവര്‍ണറെ രാജ് ഭവനില്‍ എത്തിക്കണ്ടത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം, മോന്‍സ് ജോസഫ്, എഎ അസീസ്, സി പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് ഗവര്‍ണറെ കണ്ടിരുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ലോകായുക്തയില്‍ പരാതികള്‍ നിലനില്‍ക്കുന്ന കാര്യവും ഗവര്‍ണറെ യു.ഡിഎഫ് ധരിപ്പിച്ചിരുന്നു.
എന്നാല്‍ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെതിരെ എതിര്‍പ്പുമായി സി.പി.ഐ. എല്‍.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായ സി.പി.ഐയോട് പോലും കൂടിയാലോചന നടത്താതെയാണ് തിരക്ക് പിടിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഓര്‍ഡിനന്‍സ് എന്തിനാണ് തിരക്കിട്ട് ഇറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. നിയമം ഭേദഗതി ചെയ്യുകയല്ല, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് വേണ്ടതെന്നും കാനം അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ഇടപെടല്‍ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറയ്ക്കരുതെന്ന് പാര്‍ട്ടി അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. ഓര്‍ഡിനന്‍സിന് മുമ്പ് വേണ്ടത്ര കൂടിയാലോചന നടത്തിയില്ല. കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം കൊണ്ട് വരുമ്പോള്‍ ചര്‍ച്ച ചെയ്തിരുന്നു. ഭേദഗതി കൊണ്ട് വരുമ്പോഴും ചര്‍ച്ച വേണം. – ബാബു പറഞ്ഞു.