X

നിയമസഭ തെരഞ്ഞെടുപ്പ്: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസെന്ന് സര്‍വേ

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് അഭിപ്രായ സര്‍വേ ഫലം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. എബിപി ന്യൂസ് നടത്തിയ സര്‍വേയിലാണ് കോണ്‍ഗ്രസിന് അനുകൂലമായ ഫലം ലഭിച്ചത്.

രാജസ്ഥാനില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വേ പറയുന്നു. 200 അംഗ സഭയില്‍ കോണ്‍ഗ്രസിന് 142 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ബിജെപി വെറും 56 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചേക്കും. അമ്പതു ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ 34 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് സാധ്യത കാണുന്നത്.

മധ്യപ്രദേശില്‍ 15 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പറയുന്നത്. കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വേ പറയുന്നു. 230 അംഗ സഭയില്‍ 122 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചേക്കുക. ബിജെപി 108 സീറ്റുകളിലും മേല്‍കൈ നേടും. ബിഎസ്പിയും എസ്പിയും മത്സരരംഗത്തുണ്ടെങ്കിലും സര്‍വേയില്‍ ഇവര്‍ക്ക് സീറ്റുകള്‍ പറയുന്നില്ല.

ഛത്തീസ്ഗഢിലും 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വേ പറയുന്നത്. 90അംഗ സഭയില്‍ കോണ്‍ഗ്രസിന് 47 സീറ്റുകളാണ് സര്‍വേ പറയുന്നത്. ഭരണകക്ഷിയായ ബിജെപി 40 സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് സര്‍വേ പറയുന്നത്.

chandrika: