X

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങി; 41 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് സംസ്ഥാനത്ത് 41 പേര്‍ അറസ്റ്റിലായി. ഐ.ടി. പ്രൊഫഷണലുകളായ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ പീ ഹണ്ട് റെയ്ഡിലാണ് വ്യാപകമായ അറസ്റ്റുണ്ടായത്.

റെയ്ഡിന് പിന്നാലെ 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും സൈബര്‍ ഡോം നോഡല്‍ ഓഫീസറായ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തിലെ 326 കേന്ദ്രങ്ങളിലാണ് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഓപ്പറേഷന്‍ പീ ഹണ്ട് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍നിന്ന് കുട്ടികളുടെ നിരവധി അശ്ലീല വീഡിയോകളാണ് കണ്ടെടുത്തത്. പാലക്കാട് ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്(9). ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലും(44).

കോവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു. ഇത്തരക്കാരെ സൈബര്‍ ഡോം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാര്‍ക്ക്‌നെറ്റിലടക്കം ഈ കാലയളവില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേരളത്തില്‍നിന്ന് പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്ക് ഡാര്‍ക്ക്‌നെറ്റില്‍ ആവശ്യക്കാരേറെയാണ്. ഇതിനുപുറമേ, വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഗ്രൂപ്പുകളുമുണ്ട്. ചക്ക, ബിഗ് മെലണ്‍, ഉപ്പുംമുളകും, ഗോള്‍ഡ് ഗാര്‍ഡന്‍, ദേവത, അമ്മായി, അയല്‍ക്കാരി, പൂത്തുമ്പി, കൊറോണ, സുഖവാസം തുടങ്ങിയ പേരുകളിലാണ് 400ഓളം അംഗങ്ങള്‍ സജീവമായ അശ്ലീല ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും തിരയുന്നവരെ കണ്ടെത്താന്‍ പോലീസിന് പ്രത്യേകസംവിധാനമുണ്ട്. പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഇവരുടെ ഐ.പി. വിലാസവും സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്.

 

chandrika: