അഷ്റഫ് വേങ്ങാട്ട്
റിയാദ് : സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സുഡാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. പതിനാറ് മലയാളികള്‍ ഉള്‍പ്പടെ 278 ഇന്ത്യക്കാരുമായി സുഡാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് രാത്രിയോടെ ജിദ്ദയിലെത്തും. ഐ എന്‍ എസ് സുവേധ എന്ന നാവികസേനയുടെ കപ്പലിലാണ് മടക്കയാത്ര. ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ട്. ജിദ്ദയില്‍ ഒരുക്കിയ താമസത്തിന് ശേഷം ഇവരെ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കും.
ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്നുച്ചയോടെ ജിദ്ദയിലെത്തി. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഖാര്‍ത്തൂമിലെ കോണ്‍സുലേറ്റും ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഈ രക്ഷാ ദൗത്യത്തിന്റെ ചുമതലയുമായാണ് മന്ത്രി മുരളീധരന്‍ എത്തിയിട്ടുള്ളത്. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ ആണ്‍കുട്ടികളുടെ വിഭാഗത്തിന് റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല. പകരം ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഓണ്‍ലൈനിലായിരിക്കും ക്ലാസ്സുകള്‍ ക്രമീകരിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു, മറ്റു വിഭാഗങ്ങളിലെ ക്‌ളാസുകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുവ്വായിരത്തോളം ഇന്ത്യക്കാരുണ്ടെന്ന് കരുതുന്ന സുഡാനില്‍ നിന്ന് ആദ്യഘട്ടത്തില്‍ എണ്ണൂറ് പേരെയാണ് ഒഴിപ്പിക്കുക. സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന കേന്ദ്രം ഖര്‍ത്തും ആണെന്നതിനാല്‍ എല്ലാവരെയും ഒഴിപ്പിക്കാന്‍ തന്നെയാണ് കേന്ദ്ര തീരുമാനം. സുഡാനിലെ വിമാനത്താവളങ്ങള്‍ എല്ലാം അടച്ച സാഹചര്യത്തില്‍ കടല്‍ മാര്‍ഗമുള്ള മാത്രമായിരുന്നു ആശ്രയം.
ജിദ്ദ പോര്‍ട്ട് വഴി ഒഴിപ്പിക്കല്‍ നടപടികള്‍ ക്രമീകരിക്കാന്‍ അനുമതി നല്‍കിയ സഊദിയുടെ നീക്കം പരക്കെ പ്രശംസിക്കപെടുന്നുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ സഊദി പൗരന്മാരോടൊപ്പം ഇന്ത്യക്കാരുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇതിനകം ഒഴിപ്പിക്കാന്‍ സഊദിക്ക് കഴിഞ്ഞിരുന്നു. സഊദിയുടെ നീക്കങ്ങളെ അമേരിക്കയും ഇന്ത്യയുമുള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു.
ഇതുവരെ 356 പേരെ ഒഴിപ്പിച്ചതില്‍ സഊദി പൗരന്മാര്‍ 101 പേര്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന അവസാന കപ്പലില്‍ 189 പേരും വിദേശികളാണ്. വെറും പത്ത് പേരാണ് സഊദി പൗരന്മാരായി ഉണ്ടായിരുന്നത്. സഊദിയുടെ മാനവികമുഖം വ്യക്തമാക്കുന്നതായിരുന്നു സുഡാനില്‍ നിന്നുള്ള രക്ഷാ ദൗത്യം.
സഊദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയുടെ ഭാഗമായി അടുത്ത 72 മണിക്കൂര്‍ കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ സുഡാന്‍ സൈന്യം തയ്യാറായിട്ടുണ്ട്. മാനുഷിക ശ്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമാണ് വെടിനിര്‍ത്തലെന്ന് സുഡാനിലെ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച്ച മുതല്‍ മൂന്ന് ദിവസമാണ് വെടിനിര്‍ത്തലിന് സൈനിക വിഭാഗങ്ങള്‍ തയ്യാറായതെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. നേരത്തെ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ശാശ്വത വെടിനിര്‍ത്താലിനായി ചര്‍ച്ച തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.