X

ഐ.എസ്.എലില്‍ ഉദ്ഘാടന മത്സരം നാളെ; ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ

കൊച്ചി: നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, ഐഎസ്എല്‍ 2022-23 സീസണിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമില്‍ 7 പേരാണ് മലയാളി താരങ്ങള്‍. കഴിഞ്ഞ സീസണില്‍ കളിച്ച 16 താരങ്ങളെയാണ് ടീം നിലനിര്‍ത്തിയത്. 10 പേര്‍ പുതുമുഖങ്ങള്‍. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍ എന്നിവരാണ് മലയാളി താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് വിദേശ ഏഷ്യന്‍ താരം.

നാളെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായുള്ള തയാറെടുപ്പിലാണ് ടീം. മുഖ്യപരിശീലകനായ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ ഈ സീസണില്‍ കൂടുതല്‍ ആവേശത്തോടെയാണ് ക്ലബ്ബ് ഇറങ്ങുന്നത്. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ 34 പോയിന്റ് നേടിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. കലാശക്കളിയില്‍ ഹൈദരാബാദിനോട് തോറ്റ് കിരീടം നഷ്ടമായി.

ടീം ഇവരില്‍ നിന്ന്: ഗോള്‍കീപ്പര്‍മാര്‍: പ്രഭ്‌സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്. പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര. മധ്യനിര: ജീക്‌സണ്‍ സിങ്, ഇവാന്‍ കലിയുസ്‌നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്‌സണ്‍ സിങ്. മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്. കഴിഞ്ഞ സീസണില്‍ കളിച്ച വിന്‍സി ബാരെറ്റോ, അല്‍വാരോ വാസ്‌ക്വസ്, എനെസ് സിപോവിച്ച്, ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍, പ്രശാന്ത് കെ, അബ്ദുള്‍ ഹക്കു, ശ്രീക്കുട്ടന്‍ വിഎസ്, ശുഭ ഘോഷ്, അനില്‍ ഗാവോങ്കര്‍, നൗറെം മഹേഷ് സിങ്, ദനേചന്ദ്ര മീതേയ്, സെയ്ത്യാസെന്‍ സിങ്, ആല്‍ബിനോ ഗോമസ് എന്നിവര്‍ ഇത്തവണ ടീം വിട്ടു.

ആരാധകര്‍ വീണ്ടും ഗ്യാലറിയിലേക്ക് എത്തുന്നതോടെ, പ്രീസീസണ്‍ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിച്ച് ഇത്തവണ ഐഎസ്എല്‍ കിരീടം ഉയര്‍ത്താനാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. കരാര്‍ വിപുലീകരണങ്ങളിലൂടെ ടീമിന് സ്ഥിരത നല്‍കുന്നതിനും ക്ലബ്ബ് ഇത്തവണ കൂടുതല്‍ ശ്രദ്ധ നല്‍കി. ടീമിന് അനുഭവപരിചയവും നേതൃത്വവും നല്‍കാനാവുന്ന ആഭ്യന്തര, വിദേശ താരങ്ങളെയും ടീമില്‍ ചേര്‍ത്തു. യുവാക്കളുടെയും പരിചയസമ്പന്നരായ താരങ്ങളുടെയും മികച്ച സംയോജനവും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. 14 യുവതാരങ്ങളാണ് ടീമിലുള്ളത്. ഇതുവഴി ലീഗിന്റെ നിര്‍ബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം പൂര്‍ണമായി പാലിക്കാനും ക്ലബ്ബിനായി. രണ്ടു സീസണുകള്‍ക്കപ്പുറം കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ മടങ്ങിയെത്തുമ്പോള്‍ അടിമുടി മാറ്റങ്ങള്‍ വന്ന ടീമാണ് ആരാധകരെ കാത്തിരിക്കുന്നതെന്ന് ചുരുക്കം. കഴിഞ്ഞ സീസണിലെ മധ്യനിരയില്‍ ഇത്തവണയും കാര്യമായ മാറ്റമില്ല. രണ്ട്് വിദേശ സ്‌ട്രൈക്കര്‍മാരെ ഒഴിവാക്കി, പകരം രണ്ട് മികച്ച വിദേശ സ്‌ട്രൈക്കര്‍മാരെ കൊണ്ടുവരാനായത് ടീമിന് ഗുണം ചെയ്യും. കളിക്കാരുടെ ചുമതല മാറുമെങ്കിലും, പഴയ ഫോര്‍മേഷനില്‍ തന്നെ ടീമിനെ ഇറക്കാനായിരിക്കും വുകോമനോവിച്ചിന്റെ പദ്ധതി.

Test User: