X

‘കണ്ണ് തുറക്കൂ ഖുല്‍സൂം’; ആസ്പത്രിയില്‍ കിടക്കയില്‍ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫിന്റെ വീഡിയോ

ലാഹോര്‍: അബോധാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന ഭാര്യ ബീഗം ഖുല്‍സൂം ഷെരീഫിനോട് യാത്ര ചോദിക്കുന്ന പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീഡിയോ വൈറലാകുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ലണ്ടനില്‍ നിന്നും പാക്കിസ്താനിലേക്ക് തിരിക്കുന്നതിന് തൊട്ടു മുമ്പാണ് അബോധാവസ്ഥയിലുള്ള ഭാര്യയെ ഉണര്‍ത്താനായി അദ്ദേഹം ശ്രമിക്കുന്നത്.

‘അല്ലാഹു നിനക്ക് ശക്തി നല്‍കട്ടെ, കണ്ണ് തുറക്കൂ ഖുല്‍സൂം..’ ഉര്‍ദുവില്‍ അദ്ദേഹം ഭാര്യയോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ച് ജൂലൈ 12ന് ചിത്രീകരികച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നവാസ് ഷെരീഫിന്റെ ഭാര്യ ഇന്നലെയാണ് ലോകത്തോട് വിടപറഞ്ഞത്. രോഗം മൂര്‍ച്ഛിച്ച് ഭാര്യ ആസ്പത്രി കിടക്കയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന് പാക്കിസ്താനിലേക്ക് പോകേണ്ടി വന്നത്. യാത്ര ചോദിക്കുമ്പോള്‍ വികാരാധീനനായി കാണപ്പെട്ട അദ്ദേഹം ഭാര്യയോട് കണ്ണ് തുറക്കാന്‍ ആവശ്യപ്പെടുന്നതാണ് വിഡീയോയിലുള്ളത്.

Watch Video: 

ഖുല്‍സൂം കുറച്ചു സെക്കന്റുകള്‍ കണ്ണ് തുറന്ന് തന്നെ നോക്കിയെന്ന് നവാസ് പിന്നീട് പറഞ്ഞിരുന്നു. ആ അവസ്ഥയില്‍ ഖുല്‍സൂമിനെ വിട്ട് പോകേണ്ടി വരുന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നവാസ് ഷെരീഫ്, അദ്ദേഹത്തിന്റെ മകള്‍ മറിയം നവാസ്, മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ നിലവില്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ് കഴിയുന്നത്. ഖുല്‍സൂമിന്റെ ഖബറടക്ക ചടങ്ങുകള്‍ക്ക് പങ്കെടുക്കാനായി നവാസ് ഷെരീഫിനും മകള്‍ മറിയത്തിനും പരോള്‍ നല്‍കാന്‍ പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്.

നവാസ് ഷെരീഫിനെയും മകളെയും ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും അതിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും പാക് വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. ഖുല്‍സൂമിന്റെ ഭൗതിക ശരീരം ലണ്ടനില്‍ നിന്ന് സ്വദേശത്ത് എത്തിച്ച ശേഷം ഖബറടക്ക ചടങ്ങില്‍ സംബന്ധിക്കുന്നതിന് ഇരുവര്‍ക്കും 12 മണിക്കൂര്‍ പരോള്‍ അനുവദിക്കുമെന്ന് ഫവാദ് വ്യക്തമാക്കി.

chandrika: