കൊച്ചി: നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ നിത്യച്ചെലവിന് നേര്‍ച്ചപ്പെട്ടി തുറന്ന്‌കൊടുത്ത് ക്രിസ്ത്യന്‍ പള്ളി. കാക്കനാട് തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടികളാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. കയ്യില്‍ കാശില്ലാതെ വലഞ്ഞ സാധാരണക്കാര്‍ക്ക് ഉപയോഗത്തിനായി പെട്ടി തുറന്നുകൊടുക്കുകയായിരുന്നുവെന്ന് പള്ളി വികാരി ഫാ ജിമ്മി പുച്ചക്കാട്ട് പറഞ്ഞു.
ഇതറിഞ്ഞ നാട്ടുകാര്‍ പിന്നീട് പള്ളിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
പെട്ടിയില്‍ നിന്ന് ചില്ലറ ആര്‍ക്കും എടുക്കാം. എന്നാല്‍ പിന്നീട് ഈ തുക നിക്ഷേപിച്ചാല്‍ മതി. ഇന്നലെ രാവിലെ ആറുമണിമുതല്‍ ജനങ്ങള്‍ക്ക് നേര്‍ച്ചപ്പെട്ടി തുറന്ന് കൊടുത്തിരുന്നു. പ്രദേശവാസികള്‍ക്ക് ഈ സഹായം ചില്ലറയൊന്നുമായിരുന്നില്ല. പലരും ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചില്ലറയൊഴിഞ്ഞ നേര്‍ച്ചപ്പെട്ടികളില്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ചിതറിക്കിടന്നിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെ ജനങ്ങള്‍ ചില്ലറക്കായി നെട്ടോട്ടം ഓടുകയാണ്. ഇന്ന് മുതല്‍ എടിഎമ്മുകളില്‍ നിന്ന് 2500രൂപവരെ പിന്‍വലിക്കാം.