X

ഊട്ടി മോഡല്‍ ഇ-പാസ് കര്‍ണാടകയിലേക്കും;അമിത ടൂറിസം നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍

കര്‍ണാടക: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്‍ണാടകയിലും വന്നേക്കും. കര്‍ണാടകത്തിലെ വനങ്ങളിലും പര്‍വതപ്രദേശങ്ങളിലുമാണ് കര്‍ണാടക സര്‍ക്കാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും.

ഇതിനായി ടൂറിസം നയങ്ങളില്‍ മാറ്റംവരുത്താനും കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് കര്‍ണാടക വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഒരു വിഭാഗത്തിന്റെ വാദം. നിലവിലുള്ള സഞ്ചാരി പ്രവാഹങ്ങള്‍ തുടര്‍ന്നാല്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നും അത് സംസ്ഥാനത്തിന് കളങ്കമാവുമെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണംകഴിഞ്ഞ സീസണില്‍ കര്‍ണാടകയിലെ ചില ട്രക്കിങ് സ്‌പോട്ടുകളിലേക്ക് സഞ്ചാരികള്‍ പ്രവഹിച്ചിരുന്നു. കര്‍ണാടകയിലൂടെ കടന്നു പോകുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പര്‍വതം ഉള്‍പ്പടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വനങ്ങളില്‍ ട്രക്കിങ് നടത്തുന്നതിന് സര്‍ക്കാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

പ്രധാന ടൂറിസം കേന്ദ്രമായ കുടകില്‍ വലിയ ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടതും വാര്‍ത്തയായി.കഴിഞ്ഞ മാസമാണ് ഊട്ടിയിലും കൊടൈക്കനാലിലും തമിഴ്‌നാട് സര്‍ക്കാര്‍ ഇ-പാസ് നടപ്പിലാക്കിയത്. വേനല്‍ക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്‍ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണിത്. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ടി.എന്‍. ഇ-പാസ് ഓണ്‍ലൈന്‍ അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു. മെയ് മാസം നടപ്പിലാക്കിയ ഈ നിയന്ത്രണം പിന്നീട് ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു.

webdesk14: