X

ഊട്ടി പുഷ്‌പേമേള മെയ് 19 മുതല്‍

121-ാം ഊട്ടി പുഷ്പമേളക്ക് മെയ് 19ന് തുടക്കമാകും. ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പമേളയാണ് ഊട്ടിയിലേത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്തു നിന്നും മേളയില്‍ പൂക്കളെത്തും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ ആഘോഷമായാണ് പുഷ്പമേളയെ തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ജയിലളിത മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എല്ലാ വര്‍ഷവും മുടങ്ങാതെ വന്ന് ഉദ്ഘാടനം ചെയ്യും. ശേഷം കോടങ്ങാടുള്ള അവരുടെ ബംഗ്ലാവില്‍ ഏതാനും ദിവസം താമസിച്ച ശേഷമേ തിരിച്ചുപോകാറുള്ളൂ. ഇത്തവണ മുഖ്യമന്ത്രി പളനിസ്വാമി വരാനുള്ള സാധ്യതയില്ലെന്നാണ് ഉദേ്യാഗസ്ഥര്‍ നല്‍കുന്ന സൂചന. തമിഴക രാഷ്ട്രീയം കുഴഞ്ഞു മറിഞ്ഞത് തന്നെ കാരണം.

കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് ആയതിനാല്‍ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സഞ്ചാരികളാണ് ഊട്ടിയിലെത്തുന്നത്. മദ്ധ്യവേനല്‍ അവധിക്ക് കേരളത്തില്‍ സ്‌കൂള്‍ അടച്ചതോടെ കുടുംബത്തോടൊപ്പം അവധി ചെലവഴിക്കാനും, ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാമെന്നതും, മറ്റു ദകഷിണേന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് ചെലവ് കുറയുന്നു എന്നുള്ളതും മലയാളികളെ ഊട്ടിയോട് അടുപ്പിക്കുകയാണ്.

ഊട്ടിയുടെ കാലാവസ്ഥതന്നെയാണ് എല്ലാവരെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. പകല്‍ സമയത്ത് അന്തരീക്ഷ ഊഷ്മാവ് 23 ഡിഗ്രി സെല്‍ഷ്യസിലും, രാത്രി 8 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുകയും ചെയ്യുന്നതിനാല്‍ തണുപ്പാസ്വദിക്കാന്‍ സഞ്ചാരികള്‍ ഏറെ താല്‍പര്യപ്പെടുന്നു. പുഷ്പമേളയുടെ ഔദ്യോഗിക പരിപാടികള്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാണെങ്കിലും രണ്ടാഴ്ച വരെ പ്രദര്‍ശനം നീണ്ടു നില്‍ക്കാറുണ്ട്. ഇത്തവണ തിരക്ക് വര്‍ദ്ധിക്കാനും സാധ്യത കൂടുതലാണ്.

chandrika: