അശ്‌റഫ് തൂണേരി
ദോഹ: മൊബൈല്‍ ഫോണ്‍ സാങ്കേതിക സംവിധാനത്തില്‍ 5ജി ശൃംഖലയിലേക്ക് മാറുന്ന ആദ്യ ലോക രാഷ്ട്രമായി ഖത്തര്‍ മാറുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഖത്തര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വോഡഫോണ്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാര്‍ക്ക് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുമെന്നും വോഡഫോണ്‍ ഖത്തര്‍ സി.ഇ.ഒ ഇയാന്‍ ്രേഗ അറിയിച്ചു. ഫോര്‍സീസണ്‍ ഹോട്ടലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഊരിദുവും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 5ജി സേവനം നല്‍കുമെന്ന് അറിയിച്ചിരുന്നു.
4 ജിയില്‍ നിന്ന് 5 ജിയിലേക്കുള്ള മാറ്റം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാവുമെന്നും അദ്ദേഹം വിശദീകരിച്ചു. ലാന്റ്‌ലൈന്‍ സംവിധാനവും സ്മാര്‍ട് സൊല്യൂഷന്‍ ഉള്‍പ്പെടെ പുതിയ സൗകര്യവും വിപുലീകരിക്കാന്‍ വോഡഫോണ്‍ തീരുമാനിച്ചിട്ടുണ്ട്. ലാന്റ്‌ലൈന്‍ ചില കേന്ദ്രങ്ങളില്‍ ഇപ്പോഴുണ്ട്. ഭീമമായ ലൈസന്‍സ് ഫീസ് നല്‍കുന്നത് കമ്പനിയെ ഭാരിച്ച ഉത്തരവാദിത്വത്തിലേക്കെത്തിച്ചിരുന്നു.
ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇളവ് കിട്ടിയിട്ടുണ്ട്. 403 മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു ഇതിന് വര്‍ഷത്തില്‍ നല്‍കേണ്ടിയിരുന്നത്. അത് 100 മില്യണായി കുറച്ചത് ഏറെ ആശ്വാസകരമാണ്. ഇരുപതു വര്‍ഷത്തേക്ക് നല്‍കിയിരുന്ന ലൈസന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലൈസന്‍സ് അഥോറിറ്റി (സി ആര്‍ എ) നാല്‍പ്പതു വര്‍ഷമാക്കി പുതുക്കിയിട്ടുണ്ട്. ലൈസന്‍സ് ഫീസ് കുറയുന്നതിലൂടെ കമ്പനിക്ക് ലാഭകരമായ സാഹചര്യത്തിലേക്ക് വരാന്‍ എളുപ്പത്തിലാവുമെന്നാണ് കരുതുന്നതെന്നും ഇയാന്‍ േ്രഗ അറിയിച്ചു.
അതിനിടെ വോഡാഫോണ്‍ ഖത്തറിലെ ഓഹരി പങ്കാളിയായ ഖത്തര്‍ ഫൗണ്ടേഷന് തങ്ങളുടെ ഓഹരി വില്‍ക്കാന്‍ വൊഡാഫോണ്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 371 മില്യണ്‍ ഡോളറിനാണ് വൊഡാഫോണ്‍ ഓഹരി പങ്കാളിത്തം വില്‍ക്കുന്നത്. അതേസമയം ഭാവി പങ്കാളിത്ത സഹകരണാടിസ്ഥാനത്തില്‍ ഖത്തറില്‍ വൊഡാഫോണിന്റെ റെഡ് ബ്രാന്‍ഡ് തുടരുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വൊഡാഫോണും ഖത്തര്‍ ഫൗണ്ടേഷനും ഉള്‍പ്പെട്ട സംയുക്ത സംരംഭത്തിന് 45ശതമാനമാണ് ഓഹരിപങ്കാളിത്തം. അവശേഷിക്കുന്ന ഓഹരികള്‍ ഖത്തര്‍ സര്‍ക്കാരിനും മറ്റു നിക്ഷേപകര്‍ക്കുമാണ്.
സംയുക്ത സംരംഭത്തില്‍ 51ശതമാനം ഓഹരി വോഡാഫോണിനും 49ശതമാനം ഖത്തര്‍ ഫൗണ്ടേഷനുമാണ്. തങ്ങളുടെ ഓഹരി ഖത്തര്‍ ഫൗണ്ടേഷന് വില്‍ക്കാനാണ് വോഡാഫോണിന്റെ തീരുമാനം. അഞ്ചുവര്‍ഷത്തേക്ക് ഒപ്പുവയ്ക്കുന്ന പങ്കാളിത്തകരാര്‍ പ്രകാരം വില്‍പ്പനയ്ക്കുശേഷവും വൊഡാഫോണിന്റെ ബ്രാന്‍ഡ് ഖത്തറില്‍ തുടരും. മൊബൈല്‍, ഫിക്‌സഡ് ലൈന്‍ വിഭാഗങ്ങളിലായി 14 ലക്ഷം ഉപഭോക്താക്കളാണ് വോഡാഫോണിനുള്ളത്. വ്യവസായ മൂല്യം 1.45ബില്യണ്‍ യൂറോയാണ്. ഖത്തര്‍ ഫൗണ്ടേഷനുമായി ശക്തമായ പ്രവര്‍ത്തനബന്ധമാണുള്ളതെന്നും സംയുക്ത സംരംഭത്തില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാനായിട്ടുണ്ടെന്നും വോഡാഫോണ്‍ ആഫ്രിക്ക മിഡില്‍ഈസ്റ്റ് ഏഷ്യ പസഫിക് മേഖലാ തലവന്‍ വിവേക് ബദരീനാഥ് പറഞ്ഞു.