മണിക്കൂറുകൾ വൈകി കോട്ടയം തിരുനക്കര മൈതാനിയിൽ എത്തിയ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്.27 മണിക്കൂറിലേറെ സമയം എടുത്ത് എത്തിയ തിരുനക്കരയിലെ പൊതുദർശനത്തിനു ശേഷം പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും പൊതുദർശനം. തുടർന്നു വലിയപള്ളി സെമിത്തേരിയിൽ പ്രത്യേക കബറിടത്തിൽ 3.30നു സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.
ഔദ്യോഗിക ബഹുമതികളൊന്നും ഇല്ലാതെയാണ് സംസ്കാരം. ഔദ്യോഗിക ബഹുമതി വേണ്ടന്ന തീരുമാനം ഉമ്മൻ ചാണ്ടിയുടെ കുടുംബം പൊതുഭരണ വകുപ്പിന് രേഖാമൂലം എഴുതി നൽകിയിരുന്നു. ഉമ്മൻചാണ്ടിയുടെ അഭിലാഷം അനുസരിച്ചാണ് എഴുതി നൽകിയതെന്നും കുടുംബം അറിയിച്ചു.മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേശ് പിഷാരടി എന്നിവരടക്കമുള്ളർ തിരുനക്കരയിലെത്തി ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു.