X

ഉമ്മൻചാണ്ടി എന്തും പറയാൻ സ്വാതന്ത്ര്യമുള്ളയാൾ: പി.കെ. കുഞ്ഞാലിക്കുട്ടി

ഉമ്മന്‍ചാണ്ടി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും പെട്ടെന്ന് പറിച്ചു മാറ്റാന്‍ സാധിക്കാത്ത ബന്ധമാണതെന്ന് തുറന്ന്‌ പറഞ്ഞ്‌ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടന്ന് യാത്ര പറഞ്ഞൊഴിഞ്ഞതിന്റെ വല്ലാത്തൊരു ശൂന്യത നൊമ്പരപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയും സ്‌നേഹാദരങ്ങളുടെ കണ്ണുനീര്‍ ഉണങ്ങാത്ത പ്രിയ സുഹൃത്തിന്റെ കല്ലറക്ക് മുന്നില്‍ നില്‍കുമ്പോള്‍ മനസ്സ് നിറയെ ഓര്‍മ തിരകളുടെ വേലിയേറ്റമായിരുന്നു. രാഷ്ട്രീയത്തിലെ കേവലം സഹപ്രവര്‍ത്തകരായിരുന്നില്ല ഞങ്ങള്‍. അതിനപ്പുറത്തുള്ള ജീവിതത്തിന്റെ രസക്കൂട്ട് ആയിരുന്നു. പൊതു ജീവിതത്തിലും, വ്യക്തി ജീവിതത്തിലും താങ്ങും, കരുത്തുമായിരുന്ന ആത്മ മിത്രങ്ങള്‍. എന്തിനും ആശ്രയിക്കാവുന്ന ഒരു അത്താണിയായിരുന്നു അദ്ദേഹം. എന്തും പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരാള്‍. തിരിച്ചും അങ്ങനെ തന്നെ. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ട സമയത്ത് ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ നില്‍ക്കുകയും, ഒരു ദിവസം തന്നെ മൂന്നും നാലും തവണ വിളിച്ച് ധൈര്യം പകര്‍ന്നിരുന്നതുമൊക്കെ നനവുള്ള ഓര്‍മകളാണ്. സ്‌നേഹത്തിലും, വേദനയിലും, പ്രതിസന്ധികളിലും, ഭരണത്തിലും, പരിഹാരങ്ങളിലും കൂടെയുണ്ടായിരുന്ന ഒരാളെന്ന നിലക്ക് അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ഈ സമയത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ ചരിത്രം ഒരു സെക്കന്റ് പോലും വിടാതെ ഓര്‍മയില്‍ നിറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞൂഞ് കുഞ്ഞാപ്പ കുഞ്ഞുമാണി എന്ന പ്രയോഗം തന്നെ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തില്‍ നിന്നുണ്ടായതാണ്. സഖാവ് ഇ.കെ നായനാരാണ് തമാശ രൂപത്തില്‍ ആദ്യമായങ്ങനെ വിളിക്കുന്നത്. പിന്നീടത് രാഷ്ട്രീയ കേരളം ഏറ്റ് പറഞ്ഞു. സ്‌നേഹത്തിന്റെ സ്വര്‍ണ നൂലില്‍ കോര്‍ത്തെടുത്ത ആത്മ സൗഹൃദമായിരുന്നു ആ കൂട്ടുകെട്ട്. അങ്ങനെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് അതിന്റെ ഒരു നന്മ കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ഒരു ചാരിഥാര്‍ഥ്യം കൂടിയുണ്ട് ഈ അവസരത്തില്‍ ഓര്‍ക്കാന്‍.

പുതുപ്പള്ളിക്കിത് ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ ഞായറാഴ്ചയാണ്. ആളും, ആരവവും, പരാതികളും, പരിഹാരങ്ങളുമായി സംഭവ ബഹുലമാകേണ്ടിയിരുന്ന മറ്റൊരു ഞായറാഴ്ച. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കുന്ന വിരുത് ഉമ്മന്‍ചാണ്ടിക്ക് മാത്രം വശമുള്ളതായിരുന്നു. അതേ ആള്‍ കൂട്ടത്തെ ഒറ്റക്കാക്കി ഒരു പുലരിയില്‍ അദ്ദേഹം തനിച്ചു മടങ്ങിയിരിക്കുന്നു. തലമുറകള്‍ക്ക് പാടി നടക്കാന്‍ കുഞ്ഞൂഞ്ഞ് കഥകള്‍ കൊണ്ട് സമ്പന്നമായ ഒരു പുതുപ്പള്ളിക്കാലം ബാക്കി വെച്ച് കൊണ്ട്.

കുടുബ സമേതമാണ് ഇന്ന് പുതുപ്പള്ളിയിലെത്തിയത്. ഞങ്ങള്‍ തമ്മിലെ ആ ഇഴയടുപ്പം കുടുംബത്തിലേക്കും, മക്കളിലേക്കും കൈമാറിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

webdesk14: