ഉമ്മന്‍ചാണ്ടി എന്ന പേരില്‍തന്നെ ഒരു സാധാരണത്വമുണ്ട്. ചെറുപ്പത്തിലേ കേട്ടു പരിചയിച്ച പേരാണത്. രാഷ്ട്രീയം ഗൗരവമായി കാണാന്‍ തുടങ്ങിയ കാലം മുതല്‍ ആ പേര് ദൈനംദിനമെന്നോണം കേള്‍ക്കുകയും വലിയ ഇടവേളകളില്ലാതെതന്നെ പല ഘട്ടങ്ങളിലായി കാണുകയും ചെയ്തു. കാഴ്ചകള്‍ പരിചയത്തിലേക്കും, സൗഹൃദം ആത്മബന്ധത്തിലേക്കുമെത്താന്‍ അധികകാലം വേണ്ടിവന്നില്ല. മലപ്പുറത്ത് എത്തിയാല്‍ അദ്ദേഹം പാണക്കാട് വീട്ടിലെത്തുമായിരുന്നു. പിതാവ് പൂക്കോയ തങ്ങളുടെ കാലം മുതലുള്ള ആ ബന്ധം ജ്യേഷ്ഠ സഹോദരങ്ങളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരിലൂടെ നിലനിര്‍ത്തി. ജ്യേഷ്ഠ സഹോദരന്മാര്‍ അദ്ദേഹത്തോടുള്ള സൗഹൃദ ബന്ധത്തെ ദൃഢപ്പെടുത്തിയിരുന്നു. ആ പൈതൃകത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു എനിക്കും അദ്ദേഹത്തോടുള്ള ബന്ധം.
വാക്കുകളിലും പ്രവര്‍ത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു. സൗഹൃദങ്ങളേയും സാഹചര്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് അത്ര വേഗം നികത്താനാവുകയില്ല.ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മൈക്ക് ബ്രെയര്‍ലിയെ കുറിച്ച് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ റോഡ്‌നി ഹോഗ് പറഞ്ഞ പ്രസിദ്ധമായൊരു വാക്കുണ്ട്. ഇയാള്‍ക്ക് ജനങ്ങളില്‍ ബിരുദമുണ്ട് എന്നായിരുന്നു അത്. മേല്‍ വാചകം ഉമ്മന്‍ചാണ്ടിയുടെ വിശേഷണമായി മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് ഒരിക്കല്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ജനങ്ങളില്‍ ബിരുദമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ പേരിനു കൂടെ ജനകീയന്‍ എന്ന വാക്ക് മലയാളി പറഞ്ഞിരുന്നു എന്നതും വെറുതെയായിരുന്നില്ല. ജനങ്ങളിലേക്കിറങ്ങി ചെന്ന് അവരെ കേള്‍ക്കുകയും അറിയുകയും വായിക്കുകയും അവര്‍ക്കുവേണ്ടി നിയമങ്ങള്‍ സൃഷ്ടിക്കുകയും നിയമങ്ങള്‍ ഭേദഗതിവരുത്തുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ ഓരോ ജില്ലയിലും തീര്‍പ്പാക്കിയത് ഫയലുകളായിരുന്നു. അതിലധികവും പാവങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു. അത് വെറും പ്രശ്‌നങ്ങളായിരുന്നില്ല സാധാരണക്കാരുടെ ജീവിത കാര്യങ്ങളായിരുന്നു. ഭക്ഷണം, ചികിത്സ, പാര്‍പ്പിടം എന്നിങ്ങനെ സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സൗജന്യ നിരക്കില്‍ അരിയും ധാന്യങ്ങളും റേഷന്‍ കടകള്‍വഴി വിതരണം ചെയ്യാന്‍ തുടങ്ങിയതും ദരിദ്ര ജനങ്ങളുടെ ചികിത്സക്കായി കാരുണ്യ പദ്ധതികളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ കൊണ്ടുവന്നതും ക്ഷേമ പെന്‍ഷന്‍ അര്‍ഹരായവര്‍ക്ക് മുഴുവന്‍ എത്തിക്കാന്‍ സംവിധാനമൊരുക്കിയതും അദ്ദേഹത്തിന്റെ ഭരണകാല നേട്ടങ്ങളായിരുന്നു.
നിയമത്തിന്റെ നൂലാമാലകളിലും സാങ്കേതിക തടസ്സങ്ങളിലും കുടുങ്ങി ജനങ്ങള്‍ക്ക് ലഭ്യമാവേണ്ട ആനുകൂല്യങ്ങള്‍ തടയപ്പെടുന്ന അവസ്ഥക്ക് മാറ്റംവരുത്താന്‍ നിരവധി തവണ നിയമഭേദഗതി കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കാലത്ത്. ബാലസംഘത്തിലൂടെയും പിന്നീട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടേയുമാണ് അദ്ദേഹം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായത്. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായി പൊതുമണ്ഡലത്തില്‍ കഴിവ് തെളിയിച്ചു. കേരളത്തിന്റെ വികസന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നാഴികക്കല്ലുകളായ കൊച്ചിമെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം തുറമുഖ പദ്ധതി തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണമികവിന്റെ അടയാളപ്പെടുത്തലുകളാണ്. ഭരണകാര്‍ത്താവും രാഷ്ട്രീയക്കാരനുമായ ഉമ്മന്‍ചാണ്ടിക്ക് നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാനും സൗഭാഗ്യമുണ്ടായി. ഒരേ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹത്തെ നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്ന സവിശേഷത കൂടിയുണ്ട്. ഈ കാലയളവില്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പരാജയപ്പെട്ടിട്ടില്ല, മത്സരിക്കാതിരുന്നിട്ടുമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അദ്ദേഹത്തിനു ലഭിച്ച ഈ അപൂര്‍വ സൗഭാഗ്യം ഏറെ പേര്‍ക്കുണ്ടാവാന്‍ സാധ്യതയില്ല.
ആദര്‍ശ പ്രതിബദ്ധതയുള്ള കോണ്‍ഗ്രസ്സ് നേതാവായിരിക്കുമ്പോഴും സൈദ്ധാന്തികതയുടെ സങ്കീര്‍ണതകളിലൂടെയല്ല അദ്ദേഹം സഞ്ചരിച്ചതും സംസാരിച്ചതും. കോണ്‍ഗ്രസ്സിനെ ജനകീയമാക്കുന്നതിലും ഐക്യജനാധിപത്യ മുന്നണിയെ ജന ഹൃദയങ്ങളിലെത്തിക്കുന്നതിലും ഉമ്മന്‍ചാണ്ടി എന്ന നേതാവിന്റെ ചിന്തയും കര്‍മ കുശലതയും എടുത്തുപറയേണ്ടതാണ്. കോണ്‍ഗ്രസിലെ കഴിഞ്ഞ കാല നേതാക്കന്മാര്‍ സ്വീകരിച്ച വ്യക്തിപരവും രാഷ്ട്രീയപരവുമായ ആത്മബന്ധത്തിന്റെ നല്ല പിന്തുടര്‍ച്ചക്കാരന്‍ തന്നെയായിരുന്നു ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ്സിന്റേയോ ഐക്യജനാധിപത്യ മുന്നണിയുടേയോ മാത്രമല്ല, കേരളത്തിന്റെതന്നെ പൊതു സ്വത്തായിരുന്നു. സൗഹൃദ ബന്ധങ്ങളിലും പ്രവര്‍ത്തന മേഖലകളിലും കരുതലും കാവലുമാകാന്‍ പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് സാധിച്ചു. സൗഹൃദത്തിന്റേയും കരുതലിന്റേയും ധാരാളം അടയാളങ്ങള്‍ ആ ജീവിതം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. വിദ്യാര്‍ത്ഥി കാലത്ത് സഹപാഠിയായ സുഹൃത്തിന് പോളിടെക്‌നിക്കില്‍ പഠിക്കാന്‍ അഡ്മിഷന്‍ ഫീസിന് പണമില്ലെന്നറിഞ്ഞ അദ്ദേഹം വിരലിലെ സ്വര്‍ണ മോതിരം ഊരിക്കൊടുത്തതുമുതല്‍ മുഖ്യമന്ത്രിയായിരിക്കേ കോഴിക്കോട് പൊതുപരിപാടിക്കിടയില്‍ സഹപാഠിക്ക് വീടില്ലെന്ന് പറഞ്ഞ മൂന്നാം ക്ലാസ്സുകാരിയുടെ സങ്കട പരാതിക്ക് വളരെ വേഗത്തില്‍ പരിഹാരം കണ്ടതു വരെയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ജീവിത പുസ്തകത്തിലെ ഓരോ അധ്യായങ്ങളിലും അത്തരം കഥകള്‍ ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്. മോതിരം കിട്ടിയ തങ്കപ്പനെ പോലെ, മൂന്നാം ക്ലാസുകാരി ശിവാനിയെ പോലെ, വീട് കിട്ടിയ അമലിനെ പോലെ ആയിരക്കണക്കിനു കഥാപാത്രങ്ങളെ അടുക്കി വെച്ചതാണ് ഉമ്മന്‍ചാണ്ടി എന്ന പുസ്തകം. സഹജീവികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഉദാരമനസ്‌ക്കനായ സുല്‍ത്താനാണ് ആ പുസ്തകത്തില്‍ അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ തന്നെ വാക്കുകള്‍ പറയുന്നതും അതാണ്. ‘സാധാരക്കാരില്‍ സാധാരണക്കാരായവരില്‍ നിന്നും നമുക്ക് പലതും അറിയാനും പഠിക്കാനുമുണ്ട്. പാവങ്ങളുടെ ദു:ഖങ്ങളും സങ്കടങ്ങളും കേള്‍ക്കുമ്പോഴാണ് പലതും നാം അറിയുന്നത്. ജനങ്ങളില്‍നിന്നും കിട്ടുന്ന അറിവും അനുഭവങ്ങളും ഒരു പുസ്തകത്തില്‍ നിന്നും കിട്ടില്ല. എന്റെ പുസ്തകം ജനങ്ങളാണ്’.