X

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന; 10 ലക്ഷം യു.ഡി.എഫ് വോട്ടുകള്‍ നീക്കം ചെയ്തതായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ 10 ലക്ഷം യു.ഡി.എഫ് വോട്ടെങ്കിലും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞുപിടിച്ചു നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2019 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയിലെ മൊത്തം വോട്ടര്‍മാര്‍ 2.61 കോടിയാണ്. 2016ലെ വോട്ടര്‍ പട്ടികയിലുള്ള 2.60 കോടി വോട്ടര്‍മാരില്‍ നിന്ന് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ കൂടിയത് 1.32 ലക്ഷം പേര്‍ മാത്രമാണ്. 2009 ലോക്സഭയില്‍ നിന്ന് 2011 ലെ നിയമസഭയില്‍ എത്തിയപ്പോള്‍ 12.88 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ടായിരുന്നു. 2011 ലെ നിയമസഭയില്‍ നിന്ന് 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് 11.04 ലക്ഷം വര്‍ധനവുണ്ടായി. 2014 ലെ ലോക്സഭയില്‍ നിന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ 17.5 ലക്ഷം പേരാണു കൂടിയതെന്നു ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

കന്നിവോട്ടര്‍മാരായി പുതുതായി ചേര്‍ക്കപ്പെട്ടത് (2018നുശേഷം മാത്രം ചേര്‍ക്കപ്പെട്ട ഇപ്പോള്‍ 18-19 വയസുള്ളവരെന്ന് പ്രത്യേകമായി തിരിച്ച്) ഇലക്ഷന്‍ കമ്മിഷന്‍ കണക്കില്‍ 5.5 ലക്ഷം വോട്ടര്‍മാരുണ്ട്. അതോടൊപ്പം 2016-നും 2018നും ഇടയ്ക്ക് 18 വയസ് തികഞ്ഞവരായി മറ്റൊരു 5 ലക്ഷം പേരെങ്കിലും കൂടിയുണ്ട്. രണ്ടും കൂടിയാകുമ്പോള്‍ കന്നിവോട്ടര്‍മാര്‍ 10 ലക്ഷം വരും. ഇവരെക്കൂടി ചേര്‍ത്തിട്ടാണ് അന്തിമ ലിസ്റ്റില്‍ 2.61 കോടിയാകുന്നത്. 77 താലൂക്കുകളിലുള്ള ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച ഉത്തരവാദിത്വമുള്ളത്. 77ല്‍ 74 പേരും ഇടതുപക്ഷ സംഘടനയുമായി ബന്ധപ്പെട്ടവരാണ്. ഇവരോടൊപ്പമുള്ള ക്ലര്‍ക്കുമാരും ഇടതുസംഘടനാ പ്രവര്‍ത്തകരാണ്. ഇവരെ ഉപയോഗിച്ചാണ് സി.പി.എം വോട്ടര്‍ പട്ടികയില്‍ ഞെട്ടിപ്പിക്കുന്ന തിരിമറി നടത്തിയത്.

ഒരാളെ വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യണമെങ്കില്‍ പ്രസ്തുത വ്യക്തിക്ക് നോട്ടിസ് നല്‍കണം. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം നീക്കം ചെയ്ത 10 ലക്ഷത്തോളം വോട്ടര്‍മാര്‍ക്ക് നോട്ടിസ് നല്‍കിയിട്ടില്ല. തികച്ചും നിയമവിരുദ്ധമായാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഇവരെ നീക്കം ചെയ്തതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. മരിച്ചവര്‍, വീടുപൂട്ടി കിടക്കുന്നവര്‍ തുടങ്ങിയവരെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ബിഎല്‍ഒ മാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടീസ് അയച്ചും ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തിയും മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ പാടുള്ളു. ഈ പ്രക്രിയകളൊന്നും ഇത്തവണ പാലിക്കപ്പെട്ടിട്ടില്ല. നിയമവിരുദ്ധമായി വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ മാതൃകപരമായ നിയമനടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പോസ്റ്റല്‍ ബാലറ്റുകള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നിര്‍ബന്ധപൂര്‍വ്വം വാങ്ങിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായ സാഹചര്യത്തില്‍ ആ ബാലറ്റ് പേപ്പറുകള്‍ റദ്ദ് ചെയ്ത് അവര്‍ക്ക് പുതിയ ബാലറ്റ് പേപ്പറുകള്‍ അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

chandrika: