X

പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരില്‍ വധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകികളെ അഞ്ചു ദിവസമായിട്ടും കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഷുഹൈബിന്റെ കൊലയാളികള്‍ സഞ്ചരിച്ച കാറിനെ കുറിച്ച് സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വിവരം കിട്ടിയിട്ടും തെരച്ചില്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി. വിവരം കിട്ടിയപ്പോള്‍ തന്നെ പരിശോധന തുടങ്ങിയിരുന്നെങ്കില്‍ പ്രതികളെ കണ്ടെത്താമായിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് വാതില്‍ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ പൊലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യമില്ല. കണ്ണൂരില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നത് മേധാവികളുടെ നിര്‍ദേശനാനുസരണമല്ല, മറ്റാരുടേയോ നിര്‍ദേശാനുസരണമാണ്. ഷുഹൈബിന്റെ കൊലയാളികളെ സി.പി.എം നിര്‍ദേശാനുസരണം തീരുമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു സിനിമാപ്പാട്ടില്‍ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, സ്വന്തം ജില്ലയിലെ ഒരു യുവാവ് സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ടിട്ട് പ്രതികരിക്കാന്‍ തയാറാകുന്നില്ല. ഇതിന് എതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായി പ്രതികരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 22 പേരാണ് സംസ്ഥാനത്ത് രാഷ്ട്രീയസംഘട്ടനങ്ങളില്‍ മാത്രം കൊല്ലപ്പെട്ടത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയില്‍ മാത്രം ഇത് പത്താം കൊലപാതവും. താലിബാന്‍ മാതൃകയിലാണ് ഷുഹൈബിനെ കൊന്നത്. ടി.പിയെ 51 തവണ വെട്ടിയാണ് കൊന്നതെങ്കില്‍ 31 വെട്ടിനാണ് ഷുഹൈബിനെ വധിച്ചത്. ഈ സംഭവം നടക്കുന്നതിന് മുമ്പ് ടി.പി വധക്കേസിലെ പ്രതികളെ പരോളില്‍ വിട്ടതും സംശയാസ്പദമാണ്. ഏറ്റുമുട്ടലോ തര്‍ക്കമോ ഒന്നും അവിടെ ഉണ്ടായില്ല. നേരത്തെ ഷുഹൈബിന് എതിരെ സി.പി.എം കൊലവിളി ഉയര്‍ത്തിയിരുന്നു. മുന്‍കാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഈ സംഭവമെന്ന് അനുമാനിക്കേണ്ടി വരും. കേസിനെ കുറിച്ച് നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച ഉമ്മന്‍ചാണ്ടി, സംഭവത്തിന്റെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കൊലപാതകങ്ങളും അക്രമസംഭവങ്ങളും തടയാന്‍ പൊലീസിന് കഴിയുന്നില്ല. ഒഞ്ചിയത്ത് ആര്‍.എം.പിക്കാരെ സി.പി.എം ആക്രമിക്കുന്നു. ഭര്‍ത്താവിനെ സി.പി.എമ്മുകാര്‍ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ഗര്‍ഭിണിയായ വീട്ടമ്മയെയും അവര്‍ വെറുതെവിട്ടില്ല. സി.പി.എമ്മുകാരുടെ ചവിട്ടുകൊണ്ടാണ് ഗര്‍ഭസ്ഥശിശു മരിച്ചത്. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പോലും എല്‍.ഡി.എഫ് ഭരണകാലത്ത് രക്ഷയില്ലാത്ത സ്ഥിതിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

chandrika: