തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഇടത് മുന്നണി കണ്‍വീനര്‍ നടത്തിയത് സ്ത്രീ വിരുദ്ധ പരാമാര്‍ശമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പ്രതികരിച്ചു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണം. എ വിജയരാഘവന് എതിരെ സിപിഎം നടപടി എടുക്കുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
രമ്യക്കെതിരായ പരമാര്‍ശത്തെ നിയമപരമായി നേരിടാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിത് വിഭാഗത്തില്‍പെട്ട ഒരു പെണ്‍കുട്ടിയോട് ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത് അനീതിയായാണ് കാണുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാത്തവരായി സി.പി.എം അധ:പതിച്ചുവെന്നും സി.പി.എം പരസ്യമായി മാപ്പുപറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, വിജയരാഘവന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തല്‍. അതേസമയം, പരസ്യപ്രസ്താവനക്ക് നേതാക്കള്‍ തയ്യാറല്ലെന്നുമാണ് വിവരം.
നോമിനേഷന്‍ സമര്‍പ്പിച്ചതിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തിയിരുന്നു. ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും, പാണക്കാടെത്തി തങ്ങളെ കാണുകയും പിന്നീട് കുഞ്ഞാലിക്കുട്ടിയെ കാണുകയും ചെയ്തു. പിന്നീട് എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നായിരുന്നു വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സംഭവത്തില്‍ വിജയരാഘവനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാവുകയാണ്.
അതേസമയം സ്തീ വിരുദ്ധ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധ്യത. രമ്യയെ അധിക്ഷേപിച്ച എല്‍ഡിഎഫ് കണ്‍വീണര്‍ക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്് ആവശ്യപ്പെട്ടു.