കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ എന്തുകൊണ്ട് അത് കൊല്ലപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. കോഴിക്കോട് വളയത്തെ വീട്ടില്‍ നിരാഹാരസമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുന്‍മുഖ്യമന്ത്രി.
അതേസമയം, എത്രയും വേഗം പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും അതിനായി പ്രതിപക്ഷം എന്തു സഹായവും നല്‍കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
സര്‍ക്കാരിന്റെ പത്രപരസ്യത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍, മകന്‍ മരിച്ച അമ്മയുടെ വേദന പ്രതിപക്ഷം മുതലെടുക്കുകയാണെന്ന സിപിഐഎമ്മിന്റെ ആരോപണം ഒരിക്കലും ശരിയല്ല. പരസ്യത്തില്‍ പറയുന്നത് പോലെ പൊലീസ് നടപടി ന്യായമെങ്കില്‍ അത് എന്തുകൊണ്ട് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.