X

മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ഗണേഷിന് അകല്‍ച്ചയുണ്ടായിരുന്നു’: ഉമ്മന്‍ ചാണ്ടി കോടതിയില്‍ നല്‍കിയ മൊഴി പുറത്ത്

ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസില്‍പെട്ടു മന്ത്രി സ്ഥാനം രാജിവച്ച കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്താതിരുന്നതിന്റെ പേരില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന തന്നോട് അദ്ദേഹം അകല്‍ച്ച കാണിച്ചിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നല്‍കിയ മൊഴി പുറത്തുവന്നു.

സോളാര്‍ കേസിലെ പരാതിക്കാരി പത്തനംതിട്ട ജില്ലാ ജയിലില്‍ വച്ച് എഴുതിയ 21 പേജുള്ള കത്തില്‍ 4 പേജ് കൂട്ടിച്ചേര്‍ത്ത് 25 പേജാക്കിയാണു ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും കാണിച്ചു കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ്, കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് 2018 ഓഗസ്റ്റ് 3 ന് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. കേസില്‍ ഗണേഷ്‌കുമാറിനും പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചെങ്കിലും ഇരുവരും ഹൈക്കോടതിയെ സമീപിച്ചതോടെ നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.

കോടതിയില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം:

‘18.05.2011 ല്‍ ഞാന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭ ചാര്‍ജെടുത്തു. ആ മന്ത്രിസഭയിലെ ഒരംഗമായി കെ.ബി.ഗണേഷ്‌കുമാറും ഉണ്ടായിരുന്നു. അദ്ദേഹത്തിനു വനം പരിസ്ഥിതി വകുപ്പിന്റെ ചുമതലയായിരുന്നു. കുടുംബപരമായ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നു പ്രതിപക്ഷം അദ്ദേഹം രാജിവയ്ക്കണമെന്നു ശക്തമായി സമ്മര്‍ദം ചെലുത്തി. അദ്ദേഹം രാജിവച്ചു. ഈ പ്രശ്‌നം ഒത്തുതീര്‍പ്പിലായതിനെത്തുടര്‍ന്ന് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചു വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

പല കാരണങ്ങള്‍ കൊണ്ടും അതു സാധിക്കാതെ പോയി. അന്നു മുതല്‍ എന്നോട് ഒരു അകല്‍ച്ച ഉണ്ടായിരുന്നു. സോളാര്‍ പാനലുകളും വിന്‍ഡ് മില്‍സും സ്ഥാപിക്കാമെന്നു പറഞ്ഞു അനവധി പേരില്‍നിന്നു (പരാതിക്കാരിയും) ബിജു രാധാകൃഷ്ണനും പണം തട്ടിയെടുത്തതായി പരാതി കിട്ടി. പല ജില്ലകളില്‍ നിന്നുള്ള പരാതിയായതിനാല്‍ ഒരു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വച്ച് ഇവ അന്വേഷിക്കാന്‍ നിയമിച്ചു. അവര്‍ അന്വേഷിച്ച്, അവരുടെ പേരില്‍ ഒട്ടേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചു ഈ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു.

ഈ തട്ടിപ്പുകേസില്‍ പ്രതിയായ (പരാതിക്കാരി) പത്തനംതിട്ട ജില്ലാ ജയിലില്‍ കിടക്കുന്ന അവസരത്തില്‍ 19.07.2013 ല്‍ എഴുതിയ കത്തെന്നു പറഞ്ഞ് 06.06.2016 ല്‍ കമ്മിഷന്‍ മുന്‍പാകെ ഒരു കത്ത് ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എന്നെക്കുറിച്ചും മറ്റു ചില പൊതുപ്രവര്‍ത്തകരുടെ പേരിലും കമ്മിഷന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരെ ഞാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അതിന്റെ വിധി 15.05.2018 ല്‍ വരികയുണ്ടായി. അതിന്‍പ്രകാരം കമ്മിഷന്‍ എനിക്കും മറ്റു പൊതുപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി’. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ഇതാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം

webdesk13: