ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ഇതിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടെ 6 മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് അന്തരിച്ചതിനെത്തുടര്‍ന്നു നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. 1970 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് വോട്ടു ചെയ്തവരുടെ മക്കളും പേരക്കുട്ടികളും അവരുടെ മക്കളും പിന്നീട് ഒരു തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കൈവിട്ടിട്ടില്ല. മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി എന്നും നിലകൊണ്ടു. എത്ര തിരക്കുകള്‍ക്കിടയിലും ഞായറാഴ്ചകളില്‍ അദ്ദേഹം പുതുപ്പള്ളിയിലെ തന്റെ വീട്ടിലുണ്ടാവും. ആവശ്യങ്ങളുമായി ജനക്കൂട്ടവും. ആ സ്‌നേഹബന്ധത്തിന്റെ കരുത്തില്‍ 12 തവണയാണ് പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയത്.