കണ്ണൂര്‍: എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാം തെറ്റുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി എം.എം മണിയുടെ വിവാദത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാറിനുണ്ടായിരുക്കുന്നത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി പിണറായി ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പുനര്‍വിചിന്തനം നടത്തണമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും നേരെ മന്ത്രിയെന്ന നിലയില്‍ എം.എം.മണി നടത്തിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ശരിയല്ല. ഒരു തരത്തിലുള്ള മര്യാദയോ മിതത്വമോ മണി പാലിച്ചിട്ടില്ല. തെറ്റ് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും തുടരുന്ന സര്‍ക്കാര്‍ നിലപാട് അത്ഭുതപ്പെടുത്തുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ടി.പി.സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയേ ശരിയാവൂ. ഡിജിപി ആയുള്ള അദ്ദേഹത്തിന്റെ നിയമനം വൈകിപ്പിക്കാനുള്ള ശ്രമം ശരിയാണോയെന്നു സര്‍ക്കാര്‍ ചിന്തിക്കണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍്ത്തു.