X

ഉമ്മന്‍ചാണ്ടി മികച്ച ഭരണപരിഷ്‌കര്‍ത്താവ്; പി.കെ കുഞ്ഞാലിക്കുട്ടി

കേരളം കണ്ട ഏറ്റവും മികച്ച ഭരണപരിഷ്‌കര്‍ത്താവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. സാധാരണക്കാരന്റെ ആവശ്യങ്ങളെ കണ്ടും കേട്ടും അനുഭവിച്ചും നിറവേറ്റിക്കൊടുക്കാന്‍ ഇനിയൊരു ഉമ്മന്‍ചാണ്ടി വരില്ലെന്നോര്‍ക്കുമ്പോള്‍ മനസു നീറുന്നുണ്ട്. സാധാരണക്കാരനുവേണ്ടി ഭരണതലത്തില്‍ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങളാണ് ഇന്നും കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്നു അസാധാരണമാംവിധം ജീവിച്ചു കാണിച്ചുതന്നു ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയിലൂടെ നടത്തിയ വിപ്ലവകരമായ മുന്നേറ്റം സാധാരണ ജനങ്ങളെ തൊട്ടറിയുക എന്നുള്ളതു തന്നെയായിരുന്നു. മുന്നണി രാഷ്ട്രീയത്തില്‍ കേരളാ മോഡല്‍ തീര്‍ത്ത പ്രിയ നേതാവിന്റെ വിടവ് ഒരിക്കലും നികത്താനാവാത്ത ഒന്നാണ്. ആദ്യമായി അസംബ്ലിയിലെത്തിയ 1982 മുതല്‍ ഉമ്മന്‍ചാണ്ടിയെ അത്ഭുത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അന്നു തന്നെ അദ്ദേഹത്തിന്റെ നേതൃപാടവവും പ്രകടമായിരുന്നു. പല ഘട്ടങ്ങളിലും ഉമ്മന്‍ചാണ്ടിയെന്ന പ്രതിഭാസത്തില്‍ ആകര്‍ഷണീയത തോന്നിയിട്ടുണ്ട്. കത്തിനില്‍ക്കുന്ന പല നേതാക്കന്മാരും സഭയിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലത വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ഭരണ നിര്‍വഹണത്തിലും പ്രതിപക്ഷ പ്രക്ഷോഭങ്ങളിലും കാണിക്കുന്ന രാഷ്ട്രീയ മാന്യതയാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. 1991ല്‍ കരുണാകാരന്‍ മന്ത്രിസഭയുടെ കാലത്ത് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടായി. അന്ന് ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയാണ്. വ്യവസായമന്ത്രി പദം വഹിക്കുന്ന എനിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും പ്രോത്സാഹനവും ചെറുതല്ല.

വലിയ വിവാദങ്ങളായി പരിണമിക്കാവുന്ന പല സംഭവങ്ങളും അദ്ദേഹത്തിന്റെ സൗമ്യ സാമീപ്യം കൊണ്ടും ഇടപെടല്‍കൊണ്ടും മഞ്ഞുരുകുംപോലെ ഇല്ലാതെയായി. കെ. കരുണാകരന്‍ മുഖ്യമന്ത്രിയും ആന്റണി കെ.പി.സി.സി പ്രസിഡന്റുമായ കാലത്ത് യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ അവര്‍ക്കിടയിലൊരു കയറായി പ്രവര്‍ത്തിച്ചു. ഒരു ജനാധിപത്യപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് വിഷയങ്ങള്‍ ഉടലെടുത്താല്‍ അതിലെ സമന്വയമായി ഉമ്മന്‍ചാണ്ടി മുന്നിലെത്തി. പൊതുവിഷയങ്ങള്‍ വന്നാല്‍ അതിനിടയിലെ പ്രശ്‌ന പരിഹാരകനായി. കോണ്‍ഗ്രസിനകത്തും മുന്നണിക്കകത്തും വിവാദങ്ങള്‍ ഉടലെടുത്താല്‍ അവിടെ ഓടിയെത്തി എല്ലാവരെയും ഇണക്കിചേര്‍ത്തു.

പ്രതിപക്ഷ കസേരയിലിരിക്കുന്ന കാലത്ത് ഭരണകക്ഷിയെ നന്നായി വിമര്‍ശിക്കുന്ന കൂട്ടത്തിലായിരുന്നു. ആ വിമര്‍ശനം കേട്ടാല്‍ ആര്‍ക്കും വിരോധവും തോന്നില്ല. അദ്ദേഹത്തിന്റെ ശൈലിയായിരുന്നു അതിനു കാരണം. ശക്തമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോള്‍തന്നെ എതിരാളികള്‍ക്ക് അതിന്റെ ബഹുമാനം നല്‍കി. ഹൃദയ വേദനയുണ്ടാക്കുന്ന ഒരുവാക്കുപോലും അദ്ദേഹത്തില്‍ നിന്നും കേരളം കേട്ടില്ല. ആരോപണം ഉന്നയിക്കുകയാണെങ്കില്‍പോലും അദ്ദേഹം അതില്‍ മാന്യത കാണിച്ചു. മൂര്‍ച്ചയുള്ള ആരോപണങ്ങള്‍കൊണ്ട് പലഘട്ടത്തിലും അക്രമമേല്‍ക്കേണ്ടി വന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍ തിരിച്ച് വളരെ മാന്യമായേ അദ്ദേഹം പ്രതികരിച്ചുള്ളു. കോണ്‍ഗ്രസിന്റെ നേതൃമാറ്റ ഘട്ടങ്ങളിലെല്ലാം അദ്ദേഹം വ്യക്തമായ തീരുമാനം കൈകൊണ്ടു. മര്‍മം ആലോചിച്ച് രാജ്യത്തിന് എന്താണോ നല്ലത്, പാര്‍ട്ടിക്ക് എന്താണോ നല്ലത് അതു നടപ്പിലാക്കാന്‍ ഹൈകമാന്റില്‍ വരെ അദ്ദേഹം ഇടപെട്ടു. എന്നാല്‍ ആ ഇടപെടലുകള്‍ മറ്റുള്ളവരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടായിരുന്നില്ല.

സ്‌നേഹത്തിന്റെ നൂലുകൊണ്ടു എല്ലാവരേയും വരിഞ്ഞുമറുക്കിയിരുന്നു അദ്ദേഹം. സീറ്റു ചര്‍ച്ചകള്‍ വരുമ്പോള്‍ അതുകൊണ്ടു തന്നെ ഉമ്മന്‍ചാണ്ടിയായിരുന്നു മുന്‍നിരയിലുണ്ടാവുക. ഒരോ ഘടകകക്ഷികളെയും പരിഗണിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സീറ്റുവിഭജനം പൂര്‍ത്തീകരിച്ച ചരിത്രം കേരളം കണ്ടതാണ്. മുന്നണി സംവിധാനത്തില്‍ മാതൃകായോഗ്യനായ നേതാവായിരുന്നു. യു.ഡി.എഫിനെ മുന്നില്‍നിര്‍ത്തി ചരിത്ര മാതൃക തീര്‍ക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വഹിച്ച പങ്കു ചെറുതല്ല. ഫാസിസത്തിനെതിരെ രാജ്യം കൈകോര്‍ക്കാനൊരുങ്ങുന്ന ഈ ഘട്ടത്തില്‍ മാതൃകയാക്കേണ്ടതും ഈ മുന്നണി സംവിധാനത്തേയാണ്.

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ഉമ്മന്‍ചാണ്ടി കൂടെയുണ്ടായിരുന്നു. 2011ല്‍ നേരിയ സീറ്റുകളുടെ പിന്‍ബലത്തില്‍ യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുമ്പോള്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അദ്ദേഹം കാണിച്ച നേതൃവൈഭവം ചെറുതൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. ആ ചര്‍ച്ചകളിലെല്ലാം എന്നെയും അദ്ദേഹം ഭാഗമാക്കി. ചെറിയ മാര്‍ജിനില്‍ നിന്നുകൊണ്ടു മികച്ച ഭരണം കാഴ്ചവെക്കാന്‍ അക്കാലത്ത് യു.ഡി.എഫിന് സാധിച്ചു. സഹമന്ത്രിമാര്‍ക്ക് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സ്വാതന്ത്ര്യം നല്‍കി. റിസല്‍ട്ടുണ്ടാക്കണമെന്ന നിബന്ധന മാത്രമാണ് അന്ന് അദ്ദേഹം മന്ത്രിമാരുടെ മുന്നില്‍വെച്ചത്. അതുകൊണ്ടുതന്നെ ജിം, എമേര്‍ജിങ് കേരള തുടങ്ങി അനവധി പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചു.

ശിഹാബ് തങ്ങളുമായി അടുപ്പം വലുതായിരുന്നു. പല വിഷമഘട്ടങ്ങളിലും അദ്ദേഹം പാണക്കാടെത്തി. കേരളം കത്തുന്ന പല വിവാദങ്ങളും ഒരുവട്ടമേശയിലിരുന്നു അവര്‍ പരിഹരിച്ചു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളരെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി പ്രയോഗമെല്ലാം അതിന്റെ ഭാഗമാണ്. മുന്‍ മുഖ്യമന്ത്രി നായനാരാണ് ഈ പ്രയോഗം കൊണ്ടുവന്നതെങ്കിലും അതൊരു സൗഹൃദത്തിന്റെ കൂടി കഥയായിരുന്നു. ആ കഥയിലെ കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും ഓര്‍മയായി. ഇനി കുഞ്ഞാപ്പ മാത്രം ബാക്കി.

 

webdesk11: