X

കിഫ്ബി ഫണ്ട് സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് വെട്ടിപ്പിനെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. കിഫ്ബിയില്‍ നിന്ന് വലിയൊരു തുക സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങിക്കൂട്ടി കേരളം വലിയ കടത്തിലാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ അധികാരമൊഴിയുന്നതോടെ കടം മൂന്നു ലക്ഷം കോടി കവിയുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:

കിഫ്ബിയില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികളുമായി കൂട്ടിക്കെട്ടി രക്ഷപ്പെടാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോകില്ല.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2002ല്‍ 10 കോടിയും 2003ല്‍ 505 കോടിയും രൂപയുമാണ് വന്‍കിട പദ്ധതികള്‍ക്ക് കടമെടുത്തത്. രാജ്യത്തിനകത്തു നിന്നാണ് ഈ തുക സമാഹരിച്ചത്. 2008ല്‍ തിരിച്ചടവ് പൂര്‍ത്തിയായി.

എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരണഘടനയുടെ 293(1) അനുച്ഛേദം ലംഘിച്ച് 2150 കോടി രൂപയുടെ മസാല ബോണ്ട് 9.773 ശതമാനം പലിശ നിരക്കില്‍ വിദേശത്തു വിറ്റു. 5 വര്‍ഷ കാലാവധി കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടക്കണം. യുഡിഎഫ് സര്‍ക്കാര്‍ സമാഹരിച്ച തുക ട്രഷറിയില്‍ അടച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ തുക സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. അതു വിവാദമായപ്പോഴാണ് പൊതുമേഖലാ ബാങ്കിലേക്കു മാറ്റിയത്.

60,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിയപ്പോള്‍, കിഫ്ബിയിലുള്ളത് 15,315 കോടി രൂപയാണ്. നാലര വര്‍ഷം ശ്രമിച്ചിട്ട് കിട്ടിയ തുകയാണിത്. ഈ നിരക്കില്‍ 60,000 കോടി സമാഹരിക്കാന്‍ 20 വര്‍ഷമെങ്കിലും വേണ്ടി വരും. പണമില്ലെങ്കിലും പദ്ധതികള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.

കിഫ്ബിയില്‍ നിന്ന് വലിയൊരു തുക സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്നു. പിആര്‍ഡിയെ മറികടന്ന് കിഫ്ബിയാണ് ഇപ്പോള്‍ പ്രധാനമായും സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. വന്‍കിട പദ്ധതികള്‍ക്ക് ചെലവാക്കേണ്ട തുകയാണിത്.

കിട്ടുന്നിടത്തുനിന്നൊക്കെ വാങ്ങിക്കൂട്ടി കൊച്ചു കേരളം ഇപ്പോള്‍ വലിയ കടത്തിലാണ്. ഈ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോഴേക്കും കടം മൂന്നു ലക്ഷം കോടി കവിയും. കേരളത്തിലെ ഓരോ പൗരനും പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണ്.

 

web desk 1: