കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സ്വാഗതാര്‍ഹം; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നത് സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ലോക്‌സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുക.

മലപ്പുറത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം. ഡോ. എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിക്കൊപ്പം പ്രവര്‍ത്തിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിന്റെ വിജയത്തിന് ആവശ്യമായ രീതിയില്‍ തിരുവനന്തപുരത്തായിരിക്കും കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തന മണ്ഡലമെന്ന് കെപിഎ മജീദ് അറിയിച്ചു. ഇതിനായി ലോക്‌സഭാംഗത്വം രാജിവക്കുമെന്നും മലപ്പുറത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കെപിഎ മജീദ് അറിയിച്ചു.

 

web desk 1:
whatsapp
line