X
    Categories: Culture

ഉമ്മന്‍ചാണ്ടി ഏറ്റവും ജനപ്രീതിയുള്ള നേതാവ്

തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിക്ക് ഇടിവില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവ് ആരെന്ന ചോദ്യത്തിന് 24% പേരാണ് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചത്.

അതേസമയം, ജനപിന്തുണയില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് തൊട്ടുപിന്നില്‍ വിഎസ് അച്യുതാനന്ദനാണ്. 21% പേരാണ് വിഎസിനെ പിന്തുണച്ചത്. സര്‍വ്വേയില്‍ മൂന്നാം സ്ഥാനം മാത്രമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നേടാനായത്. 18% പേരാണ് പിണറായിയെ ഇഷ്ടപ്പെടുന്നത്.

മേഖലാ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തില്‍ ആണ് ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ പിന്തുണ. ഈ മേഖലയിലെ 30% പേര്‍ക്കും ഉമ്മന്‍ചാണ്ടിയോടാണ് താത്പര്യം. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 21% പേര്‍ വീതം ചാണ്ടിക്കൊപ്പമാണ്. തെക്കന്‍ കേരളത്തില്‍ 28% പേരുടെ പിന്തുണയുള്ള വിഎസിനെ വടക്കന്‍ കേരളത്തില്‍ 15% പേരും, മധ്യകേരളത്തില്‍ 20% പേരും പിന്തുണയ്ക്കുന്നു.

ബിജെപി നേതാക്കളില്‍ ജനപിന്തുണയില്‍ മുന്നില്‍ സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനാണ്. സംസ്ഥാനതലത്തില്‍ ആറ് ശതമാനം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. മേഖല തിരിച്ചുള്ള കണക്കില്‍ വടക്കന്‍ ജില്ലകളിലെ 9% പേരും മധ്യമേഖലയിലെ 5% പേരും സുരേന്ദ്രനെ തുണയ്ക്കുന്നു. എന്നാല്‍ തെക്കന്‍കേരളത്തില്‍ അദ്ദേഹത്തിന്റെ ജനപിന്തുണ 2% മാത്രമാണ്.

അതേസമയം ഫെബ്രുവരി ആദ്യ ആഴ്ചയില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വെ യു.ഡി.എഫിന് 16 സീറ്റുവരെയാണ് വിജയം പ്രവചിക്കുന്നത്. ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും വ്യക്തമാക്കുന്ന സര്‍വെ ഫലം സര്‍ക്കാരിന്റെ നടപടികളിലെ പാളിച്ചയാണ് തുറന്നു കാണിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമലയിലെ നടപടികള്‍ ഇടതുമുന്നണിയുടെ പരാജയത്തിന്റെ ആക്കം കൂട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

chandrika: