X
    Categories: keralaNews

‘പ്രതികാരം എന്റെ അജണ്ടയിലില്ല’; സോളാര്‍ കേസില്‍ പുനരന്വേഷണം താനായി ആവശ്യപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ പുനരന്വേഷണം താനായി ആവശ്യപ്പെടില്ലെന്നും സത്യം എന്തായാലും പുറത്തുവരുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്നും സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സ്ത്രീയെ നിയന്ത്രിച്ചത് ഗണേഷ് കുമാറാണെന്നും അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ പേര് കത്തില്‍ കൂട്ടിച്ചേര്‍ത്തതില്‍ ഗണേഷ് കുമാര്‍ ഇടപെട്ടതായി തനിക്ക് അറിവുണ്ടെന്ന് ശരണ്യ മനോജ് പറഞ്ഞിരുന്നു.

പൊതുപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരികയെന്നത് സ്വാഭാവികമാണെന്നും അത് സഹിക്കുക എന്നല്ലാതെ അതിനെതിരെ പ്രതികാരം ചെയ്യുന്നത് തന്റെ അജണ്ടയിലുള്ള കാര്യമല്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അന്വേഷണ ഇനത്തില്‍ ഒരുപാട് തുക ചെലവായെന്നും ഇനിയും ചെലവ് കൂട്ടാനായി പുനരന്വേഷണത്തിന് താനായി ആവശ്യപ്പെടുകയില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

‘സത്യം എന്നായാലും പുറത്ത് വരും. ഞാന്‍ ഒരു ദൈവ വിശ്വാസിയാണ് , കേസ് വന്നപ്പോള്‍ അമിതമായി ദുഃഖിച്ചില്ല , കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാം. ഇപ്പോള്‍ അമിതമായി സന്തോഷിക്കുന്നുമില്ല പ്രതികാരം എന്റെ രീതിയല്ല. ഞാന്‍ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ല’. ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: