നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധിയായി 50 ആണ്ട് എ്ന്ന കോളത്തില്‍ മാതൃഭൂമി ദിനപത്രത്തിനായി എഴുതിയ കുറിപ്പിലാണ് ഉമ്മന്‍ചാണ്ടിയെ കുറിച്ച് പിണറായി പങ്കുവെച്ചത്.
1970ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായതെന്നും എന്നാല്‍, മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായി ഞാനിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി അന്ന് സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടര്‍ന്നെന്ന് പിണറായി കുറിച്ചു.
ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടിയുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാംവിധം ഇടപെട്ടിട്ടുള്ള ഉമ്മന്‍ചാണ്ടി, കെ. കരുണാകരനും എ.കെ. ആന്റണിയും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഘട്ടങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രധാനിയാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം പല കോണ്‍ഗ്രസ് നേതാക്കളും പാര്‍ലമെന്റംഗമായും മറ്റും പോയിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നെന്നും അദ്ദേഹം അത് വിട്ടുപോയട്ടുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.
എഴുപതുകളുടെ തുടക്കം നിരവധി യുവാക്കള്‍ കേരള നിയമസഭയില്‍ എത്തി എന്ന പ്രത്യേകതകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരില്‍ മറ്റൊരാള്‍ക്കും സാധ്യമാവാത്ത നേട്ടം ഉമ്മന്‍ചാണ്ടിക്കുണ്ടായി. നിയമസഭയില്‍ അഞ്ചു പതിറ്റാണ്ട് ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട് പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തില്‍പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിനു കൈകാര്യം ചെയ്യാന്‍ സാധിച്ചു. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കുമാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.ആര്‍. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതല്‍ക്കേ സഭയിലുണ്ടായിരുന്നവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീര്‍ഘമായ ചരിത്രമുള്ളവരുണ്ട്. എന്നാല്‍, അവര്‍ക്കൊന്നും വിജയത്തിന്റേതുമാത്രമായ ചരിത്രം അവകാശപ്പെടാനില്ല, പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.