X

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോള്‍, പഴയ കംപ്യൂട്ടര്‍ വിരുദ്ധ സമരം ആരെങ്കിലും ഓര്‍ത്തെടുത്താല്‍ കുറ്റം പറയാനാവില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ബജറ്റിന് വിശ്വാസ്യതയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഞ്ചു വര്‍ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും എപിഎല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഇടതുസര്‍ക്കാര്‍ ബിപിഎല്‍. കാര്‍ഡുകള്‍ക്ക് 2 രൂപയ്ക്കും എപിഎല്‍. കാര്‍ഡുകള്‍ക്ക് 2 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോള്‍, പഴയ കംപ്യൂട്ടര്‍ വിരുദ്ധ സമരം ആരെങ്കിലും അയവിറക്കിയാല്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ ദത്തെടുത്ത് കുടുംബശ്രീ വഴി പരിപാലിക്കുന്ന ആശ്രയ പദ്ധതിയെ ഇടതുസര്‍ക്കാര്‍ വിസ്മരിച്ചിരുന്നെങ്കിലും ഈ ബജറ്റില്‍ പരിഗണന നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച ഈ പദ്ധതി 2011-16ല്‍ യുഡിഎഫ്. ഗവണ്‍മെന്റ് കേരളമൊട്ടാകെ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ 12,000 കോടി മാറ്റിവയ്ക്കുന്നു എന്ന പ്രഖ്യാപനം അമ്പരപ്പിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

2016 ആദ്യം റണ്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡി.ജി.സി.എ.യുടെ അനുമതിയോടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ.എം സമരം നടത്തിയത്. 5 വര്‍ഷം കഴിഞ്ഞിട്ടും റണ്‍വേയുടെ നീളം ഒരു മീറ്റര്‍ പോലും വര്‍ദ്ധിപ്പിക്കുകയോ ഒരു സെന്റ് സ്ഥലം കൂടുതലായി ഏറ്റെടുക്കുകയോ ചെയ്യാത്ത ഗവണ്‍മെന്റ് ഒരു കൂറ്റന്‍ പ്രഖ്യാപനം അവസാനത്തെ ബജറ്റില്‍ നടത്തിയത് ആരും ഗൗരവമായി എടുക്കുകയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Test User: