X

കേരളത്തില്‍ ബിജെപിയെ എതിര്‍ക്കുന്നത് യുഡിഎഫ് മാത്രം: കെ സി വേണുഗോപാല്‍

മലപ്പുറം: രാജ്യത്ത് ഇന്ത്യാ മുന്നണിയാണ് ബിജെപിക്കെതിരേ പോരാടുന്നതെങ്കില്‍ കേരളത്തില്‍ ബിജെപിയെ എതിര്‍ക്കുന്നത് യു.ഡി.എഫ് മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ആര്യാടന്‍ മുഹമ്മദ് അനുസ്മരണവും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബില്ലിൽ ബിജെപി ആത്മാർത്ഥതയില്ല. 2010 ൽ യുപിഎ ഗവൺമെൻറ് രാജ്യസഭയിൽ പാസാക്കിയ ബില്ലിനെ കഴിഞ്ഞ 10 വർഷമായി പിന്നോട്ട് അടിച്ചത് ബിജെപിയാണ്. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം അത് യാഥാർത്ഥ്യമാകാൻ ഇനിയും 10 വർഷം എടുക്കും. ബിജെപിക്ക് വനിതാ സംവരണ തെരഞ്ഞെടുപ്പായുധം മാത്രമാണ്. പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പോലും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമാണ് നടക്കുന്നത്.
വിദ്വേഷ പരാമർശം നടത്തിയ രമേശ് ബധുരിയെ പാർലമെൻറിൽ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുകയാണ് ബിജെപി . ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത്.രാജ്യത്തിൻറെ മതേതര സങ്കൽപ്പങ്ങളെ തച്ചു തകർക്കുന്ന നരേന്ദ്രമോദി ഭരണത്തെ താഴെയിറക്കാനാണ് ഇന്ത്യസഖ്യം രൂപീകരിച്ചു മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യത്തിലേക്കായി കോൺഗ്രസ് വിശ്രമമില്ലാതെ പോരാടും. വരുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആ പോരാട്ടത്തിന്റെ സെമിഫൈനലാണ്. ഡിജിറ്റൽ ഇന്ത്യാ , മേക്കിങ് ഇന്ത്യ എന്നിങ്ങനെ പേരിട്ട് പ്രചരണം നടത്തിയ മോദിക്ക് ഇന്ത്യ  സഖ്യം രൂപപ്പെട്ടത്തിന് ശേഷം പേരിനോട് താല്പര്യമില്ലാതായെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് ബിജെപി വിരുദ്ധതയോ ഫാസിസ്റ്റ് വിരുദ്ധതയോ ഇല്ല. അതെല്ലാം പ്രസംഗിക്കാനും വോട്ട് നേടാനുമുള്ള തന്ത്രം മാത്രമാണ്. അല്ലായിരുന്നെങ്കില്‍ ബിജെപിയെ പിന്തുണക്കുന്ന, മോദിയുമായും അമിത്ഷായുമായും മുന്നണി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദേവഗൗഡയുടെ പാര്‍ട്ടിയുടെ പ്രതിനിധിയെ ഇപ്പോഴും മന്ത്രിസഭയില്‍ ഇരുത്തുമായിരുന്നില്ല. ആ മന്ത്രിയോട് രാജിവെക്കണം അല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന് നിലപാട് വ്യക്തമാക്കണം എന്ന് പറയാനുള്ള ആര്‍ജ്ജവം പോലും എന്തുകൊണ്ട് പിണറായി വിജയന്‍ കാണിക്കുന്നില്ലെന്നും കെ സി വോണുഗോപാല്‍ ചോദിച്ചു.
സിപിഎം എന്തുകൊണ്ട് ഇതിനു മറുപടി പറയുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്ക് വോട്ട് ചെയ്യുന്നു. അവരാണ് എല്‍.ഡിഎഫ് മന്ത്രിസഭയില്‍ ഇപ്പോഴും തുടരുന്നത്. കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ മറ്റുള്ള പലരുമുണ്ടാകും എന്ന് വിചാരിച്ചെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമേ കേരളത്തിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.
ആര്യാടന്‍ മുഹമ്മദിന് കൊടുക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ 20 സീറ്റും യുഡിഎഫിന് നല്‍കുക എന്നതാണ്. അതോടൊപ്പം 2026ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം പിന്നോട്ടു പോയിട്ടുള്ള പത്തുവര്‍ഷങ്ങളെ മുന്നോട്ടുകൊണ്ടുവരാന്‍ യുഡിഎഫിന് വോട്ടു നല്‍കി യുഡിഎഫ് ഗവണ്‍മെന്റ് സാധ്യമാക്കുക എന്നതും കൂടിയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ കൊടുംചൂടിലും കര്‍ണാടകയിലെ കോരിച്ചൊരിയുന്ന മഴയും കാശ്മീരിലെ മൈനസ് ഡിഗ്രിക്കു താഴെയുള്ള അതിശൈത്യത്തിലും നിര്‍ത്തിവെക്കാതിരുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചത് ഒരിക്കല്‍ മാത്രമാണെന്നും അത് ആര്യാടന്‍ മുഹമ്മദ് മരണപ്പെട്ട ദിവസത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ ആര്യാടന്റെ വീട്ടിലേക്ക് കുതിച്ചേത്തുകയായിരുന്നു.
അതായിരുന്നു ആര്യാടന്‍ മുഹമ്മദിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ ആദരവ് എന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് അധ്യക്ഷനായി. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.സി ജോസഫ്,എ.പി അനില്‍ കുമാര്‍ എം.എല്‍.എ,അബ്ദുറഹിമാന്‍ രണ്ടത്താണി,കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എ സലീം,ആര്യാടന്‍ ഷൗക്കത്ത്,ആലിപ്പറ്റ ജമീല,ഇ.മുഹമ്മദ് കുഞ്ഞി,പി.ടി അജയ് മോഹന്‍,സി ഹരിദാസ്,അസീസ് ചീരാന്‍തൊടി,പി.സി വേലായുധന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ആര്യാടന്‍ ഫൗണ്ടേഷന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സമര്‍പ്പിച്ചു.

webdesk13: