X

സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍ എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂ: വി.ഡി സതീശന്‍

പ്ലസ് വണ്‍ സീറ്റ് ആവശ്യപ്പെട്ട് കൊയ്ലാണ്ടിയില്‍ സമരം ചെയ്ത എംസ്എഫ് പ്രവര്‍ത്തകരെ പെലീസ് കൈകാര്യം ചെയ്ത രീതിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂവെന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചവരല്ല ഈ കുട്ടികള്‍. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയില്‍ തിരിമറി നടത്തിയവരോ അല്ല. ആള്‍മാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല.

കയ്യാമം വച്ച് നടത്തിക്കാന്‍ തക്കവണ്ണം ഈ കുട്ടികള്‍ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാന്‍ കുട്ടികള്‍ക്ക് മതിയായ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാര്‍ഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്.

SFI ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ച് നില്‍ക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാര്‍ഥി – യുവജന സംഘടന നേതാക്കളോട് വേണ്ട.

സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാള്‍ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് നല്ലത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ. എം.എസ്.എഫിന്റെ സമര പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍.

webdesk11: