ന്യൂഡല്‍ഹി: സൗജന്യമായി ആധാർ കാർഡ് ജൂൺ 14 വരെ അപ്ഡേറ്റ് ചെയ്യാം. 10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്. myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം.
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയൂ. ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം.
2024 ജൂൺ 14 ന് ശേഷം ആധാർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെങ്കിലും, ഫീസ് ബാധകമാകും. ഓൺലൈൻ അപ്‌ഡേറ്റുകൾക്ക് 25 രൂപയും ഓഫ്‌ലൈൻ അപ്‌ഡേറ്റുകൾക്ക് 50 രൂപയും ഈടാക്കുമെന്നാണ് വിവരം. നവജാതശിശുക്കൾക്കും ആധാർ എൻറോൾമെന്റ് ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റിന് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം.