ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതിന് ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. 3 ദിവസത്തിനകം അതായത് ജൂൺ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. ഇതോടെ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. ആദായനികുതി അടയ്ക്കാൻ സാധിക്കാതെ വരിക, ഉയർന്ന ടി.ഡി.എസ് തുക എന്നിവയും പ്രത്യാഘാതങ്ങളാണ്. 20 ശതമാനമോ ബാധകമായ നിരക്കോ ഇതിൽ ഏതാണ് കൂടുതൽ അത് ടി.ഡി.എസ് ആയി അടയ്ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
നിരവധി തവണയാണ് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ല സമയപരിധി നീട്ടിയത്. ആയിരം രൂപ പിഴ ഒടുക്കി 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളിലെ തിരക്ക് കാരണം ലിങ്കിംഗിന് ബുദ്ധിമുട്ട് നേരിട്ടേക്കാം. ഇ-ഫയലിംഗ് പോർട്ടൽ വഴി ആധാറും www.incometax.gov.in പാനും ലിങ്ക് ചെയ്യാൻ കഴിയും. ആധാർ- പാൻ ലിങ്കിംഗ് സമർപ്പിക്കുന്നതിന് മുമ്പ് പണം അടയ്ക്കേണ്ടതുണ്ട്. 1000 രൂപയാണ് ഒറ്റ ചലാനിൽ അടയ്ക്കേണ്ടത്.