X

2030 ഓടെ ഖത്തര്‍ നിരത്തുകളില്‍ ഇലക്ട്രിക് ബസ്സുകള്‍ മാത്രം

അശ്റഫ് തൂണേരി

ദോഹ:ഗതാഗത മന്ത്രാലയത്തിന് കീഴിലെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളുടെ 100 ശതമാനവും 2030 ഓടെ ഇലക്ട്രിക് ആക്കി മാറ്റാനൊരുങ്ങി ഖത്തര്‍. സുസ്ഥിര വികസനം കൈവരിക്കുന്ന രാജ്യമാക്കി മാറ്റുകയാണ് ഖത്തര്‍ നാഷണല്‍ വിഷന്‍ (ക്യു.എന്‍.വി) 2030 ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഫാലഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി പറഞ്ഞു. ഭൗമദിനത്തോടനുബന്ധിച്ച് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസിന്റെ (ജി.സി.ഒ) ട്വിറ്റര്‍ പേജില്‍ പങ്കിട്ട വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ ഊര്‍ജം, സൗരോര്‍ജ്ജം, മറ്റ് പുനരുപയോഗ ഊര്‍ജജങ്ങള്‍ എന്നിവ പരമാവധി ആശ്രയിക്കുന്ന തരത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകും. ഇത്തരത്തില്‍ ഖത്തര്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിവിധ പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് വൈദ്യുതി ഉപയോഗിച്ചുള്ള വാഹന ഗതാഗതം വിപുലീകരിക്കുകയും പരിസ്ഥിതി മലിനീകരണം കുറക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

478 ബസുകളുടെ ശേഷിയുള്ള ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലുസൈല്‍ ബസ് ഡിപ്പോ കരസ്ഥമാക്കിയിരുന്നു. ഈ കെട്ടിടത്തിന് പ്രതിദിനം ആവശ്യമായ 4 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് 11,000 പി.വി സോളാര്‍ പാനലുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സൗരോര്‍ജ്ജത്തെ ആശ്രയിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ബസ് ഡിപ്പോയാണ് ഇത്.
800 മെഗാവാട്ട് ശേഷിയുള്ള അല്‍ ഖര്‍സ പവര്‍ പ്ലാന്റ് ഖത്തറില്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയ പുനരുപയോഗ ഊര്‍ജ പദ്ധതിയായി മാറി.

2035-ഓടെ 5,000 മെഗാവാട്ട് (5 ജിഗാവാട്ട്) സൗരോര്‍ജ്ജ ഉല്‍പ്പാദനം കൈവരിക്കാന്‍ ഖത്തര്‍ എനര്‍ജി പദ്ധതിയിടുന്നുമുണ്ട്. റാസ് ലഫാന്‍ സിറ്റിയിലും മിസഈദ് സിറ്റിയിലും 875 മെഗാവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ പദ്ധതികള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഓരോ പ്രോജക്റ്റില്‍ നിന്നും ഏകദേശം 400 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യം. ഈ പദ്ധതികളോടെ സൗരോര്‍ജ്ജ ഉല്‍പ്പാദനം 1,700 മെഗാവാട്ടിലെത്തുമെന്നും മന്ത്രി വിശദീകരിച്ചു.

 

webdesk11: