കോഴിക്കോട്: സമൂഹമാധ്യമങ്ങിലൂടെയും ഓണ്‍ലൈന്‍വഴിയും ലോണ്‍ആപ്പുകളുടെ പേരിലും പണംതട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു. അടുത്തകാലത്തായി നിരവധികേസുകളാണ് കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം വടകരയില്‍ രണ്ട് ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ ഇടപാടുകാരന് രണ്ട് ലക്ഷം രൂപ നഷ്ടമായിരുന്നു. മയ്യന്നൂരിലെ വണ്ണത്താംകണ്ടി സി.എച്ച് ഹൗസില്‍ ഇബ്രാഹിമിനാണ് പണം നഷ്ടമായത്. എസ്ബിഐ വില്യാപ്പള്ളി ശാഖയിലെ അക്കൗണ്ടില്‍നിന്ന് 99,999 രൂപയും ബാങ്ക് ഓഫ് ബറോഡയുടെ വടകര അടക്കാതെരുവ് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 99,999 രൂപയുമാണ് പോയത്. സുരയ് ഹംറാം, ആക്‌സിസ് ബാങ്ക് വഴി പിന്‍വലിച്ചതായാണ് മെസേജിലുള്ളത്. ഇക്കാര്യം സൈബര്‍ പൊലീസിലും ബാങ്ക് അധികൃതരെയും അറിയിച്ച് അക്കൗണ്ട് മരവിപ്പിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് മീഞ്ചന്തയിലെ വീട്ടമ്മയ്ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 19 ലക്ഷം രൂപയാണ് നഷ്ടമായത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ ഇതരസംസ്ഥാനക്കാരനായ പ്രതിയെ പിടികൂടിയിരുന്നു. മുന്‍പ് ഇവര്‍ ഉപയോഗിച്ച മൊബൈല്‍നമ്പര്‍ ഉപയോഗിച്ച് ഗൂഗിള്‍പേവഴിയാണ് പണം പിന്‍വലിച്ചത്. ലോണ്‍ ആപ്പുകളുടെ പേരിലും നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ കാണുന്ന പരസ്യത്തിലൂടെയാണ് പണം ആവശ്യമുള്ളവര്‍ വിവിധ ആപ്പുകളില്‍ കയറി ലോണെടുക്കുന്നത്. ലോണടച്ച പണം പൂര്‍ണമായും അടച്ചാലും ഭീഷണിപ്പെടുത്തിയും ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ഇതോടെ പലരും കേസുമായി മുന്നോട്ട്‌പോകാന്‍ ഭയപ്പെടുന്ന സാഹചര്യമാണ്. ഇത് ചൂഷണം ചെയ്താണ് തട്ടിപ്പുകള്‍ തുടരുന്നത്. അതേസമയം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായാണ് തട്ടിപ്പുകാര്‍ ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃക കമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം, സംഗീതം തുടങ്ങിയവ സോഷ്യല്‍ മീഡിയയിലെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും മോണിറ്റൈസേഷന്‍ നടപടിക്രമങ്ങള്‍, കോപ്പിറൈറ്റ് നിയമലംഘനം നടത്തി എന്നും ചൂണ്ടിക്കാണിയ്യായിരിക്കും തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. സമൂഹമാധ്യമ കമ്പനികളില്‍ നിന്നുള്ള സന്ദേശങ്ങളുടെ മാതൃകയില്‍ ആയിരിക്കും ഇത്. യഥാര്‍ഥ സന്ദേശമാണെന്നു കരുതി ഉപയോക്താക്കള്‍ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നു. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതോടെ യൂസര്‍നെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. അതുവഴി സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ തിരികെകിട്ടുന്നതിന് വന്‍ തുക ആവശ്യപ്പെടുകയുമാണ് ചെയ്തുവരുന്നത്. അടുത്തകാലത്തായി നിരവധിപേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്.