കെ.എ മുരളീധരന്‍
തൃശൂര്‍:ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്താല്‍ വീട് വിട്ടിറങ്ങി മരണപ്പെടുന്ന ജില്ലയിലെ രണ്ടാമത്തെ വിദ്യാര്‍ഥിയായി ആകാശ്. റമ്മി, പബ്ജി, ഫ്രീ ഫയര്‍, കോള്‍ ഓഫ് ഡ്യൂട്ടി തുടങ്ങി നിരവധി ഗെയിമുകള്‍ കുട്ടികള്‍ക്കായുണ്ട്. പല ഗെയിമുകളും പണമില്ലാതെ കളിക്കാവുന്ന ഗെയിമുകളുമാണ്. പലയിടത്തും നിന്നും നിരവധിപേര്‍ക്ക് ഒരേ സമയവും അല്ലെങ്കില്‍ ഒറ്റക്കും കളിക്കാവുന്ന ഗെയിമുകള്‍ കുട്ടികള്‍ക്ക് വളരെ താല്‍പര്യവുമാണ്. ഇനിയാണിതിലെ അപകടം. ഭൂരിഭാഗം ഗെയിമുകളും പണമില്ലാതെ കളിക്കാം.
കളിച്ച് താല്‍പര്യം കൂടുമ്പോള്‍ പുതിയ അപ്‌ഡേഷനുകളൊ, അല്ലെങ്കില്‍ പുതിയ തോക്കോ, കാറോ ബൈക്കോ വേണമെങ്കില്‍ പണം നല്‍കേണ്ടിവരും. കളിച്ച് ജയിച്ചാല്‍ പണം ഓഫര്‍ ചെയ്താണ് പല ഗെയിമുകളും കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. ആദ്യം കുട്ടികളുടെ കയ്യിലുളള പോക്കറ്റ് മണികള്‍ ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങുന്നവര്‍ പിന്നീട് വീട്ടുകാരുടെ കയ്യില്‍ നിന്നും പണമെടുക്കാന്‍ തുടങ്ങും. ഇത്തരം ഗെയിമുകള്‍ തുടര്‍ച്ചയായി കളിച്ചാല്‍ അതൊരു ലഹരിയായി മാറാന്‍ അധികം സമയം വേണ്ടെന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് മയക്കുമരുന്ന് ഉപയോഗം പോലെതന്നെ എങ്ങിനെയെങ്കിലും പണം കണ്ടെത്തി കളിക്കാന്‍ കുട്ടികള്‍ തയ്യാറാവുന്നു. പക്ഷേ, വീട്ടുകാരില്‍ നിന്നെടുത്ത പണം നഷ്ടപ്പെടുമ്പോള്‍ ശിക്ഷ ഭയന്ന് കുട്ടികള്‍ മരണത്തിലേക്ക് വരെ പോകാനും സാധ്യതയുണ്ടെന്നും മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
നന്നായി പഠിക്കാന്‍ മിടുക്കനായിരുന്നു കൊരുമ്പിശ്ശേരി സ്വദേശി പോക്കര്പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികൂടിയായ ആകാശിനെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിനൊടുവില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്‍പിലുള്ള കുട്ടന്‍കുളത്തിനരികെ സൈക്കിളും ചെരുപ്പും കണ്ടെത്തുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടര്‍ന്ന് ഉള്ള മനോവിഷമത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാര്‍ച്ചിലും സമാനമായ സംഭവം ഏങ്ങണ്ടിയൂരില്‍ നടന്നിരുന്നു. ഏങ്ങണ്ടിയൂര്‍ ചാണാശ്ശേരി വീട്ടില്‍ സനോജ് ശില്‍പ ദമ്പതികളുടെ മകനായ അമല്‍ കൃഷ്ണ(16)യെ തളിക്കുളത്ത് ഒഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പഌസ് വാങ്ങിയ അമല്‍ കൃഷ്ണ പ്ലസ്ടുവിന് പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്ന് പഠിക്കുകയായിരുന്നു. സ്‌കോളര്‍ഷിപ്പായി ലഭിച്ച 10000 രൂപ അമല്‍ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. വീട്ടില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളിലേക്കായി അക്കൗണ്ടിലെ പണം താല്‍ക്കാലികമായി അമല്‍കൃഷ്ണയോട് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എ.ടി.എമ്മില്‍ നിന്നും പണം കിട്ടുന്നില്ലെന്ന് ആദ്യം പറഞ്ഞ അമല്‍ കൃഷ്ണ പിന്നീട് എ.ടി.എം കാര്‍ഡ് തകരാറാണെന്ന് വീട്ടുകരെ ധരിപ്പിച്ചു. തുടര്‍ന്ന് എ.ടി.എം കാര്‍ഡിന്റെ തകരാറ് ബാങ്കില്‍ അന്വേഷിക്കാമെന്നും പറഞ്ഞ് അമല്‍ കൃഷ്ണയെ കൂട്ടി അമ്മ ശില്‍പ ബാങ്കിലേക്ക് പോയി. മകനെ പുറത്ത് നിറുത്തി ബാങ്കിന് അകത്തേക്ക് പോയ ശില്‍പ്പ പെട്ടെന്നുതന്നെ പുറത്തേക്ക് വന്നെങ്കിലും അമല്‍കൃഷ്ണ അപ്രതൃക്ഷനായിരുന്നു. പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അക്കൗണ്ടില്‍ നിന്നും പേടിഎം വഴി നേരത്തെ 4000 രൂപയോളം കൈമാറിയതായും കണ്ടെത്തി. ഓണ്‍ ലൈന്‍ ഗെയിം കളിയിലൂടെയാണ് അമല്‍ കൃഷ്ണക്ക് പണം നഷ്ടപ്പെട്ടതെന്ന് പിന്നീട് തെളിഞ്ഞു. ഇത് വീട്ടുകാര്‍ ബാങ്കില്‍ നിന്നും മനസിലാക്കുമെന്ന് ഉറപ്പുള്ളതിനാലാകാം അമ്മ ബാങ്കില്‍ നിന്നും പുറത്തേക്ക് വരുന്നതിന് മുമ്പ് അമല്‍കൃഷ്ണ അവിടെ നിന്നും പോയത്. അമല്‍ കൃഷ്ണയുടെ മൃതദേഹത്തിനരികില്‍ നിന്ന് എ.ടി.എം കാര്‍ഡിന്റെ കഷ്ണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ ഏങ്ങണ്ടിയൂരിലുള്ള അമല്‍കൃഷ്ണ തളിക്കുളത്ത് ഒഴിഞ്ഞവീട്ടിലെത്തിയത് എങ്ങിനെയെന്ന ദുരൂഹത ഇപ്പോഴും തുടരുകയാണ്.