കോഴിക്കോട്: വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണ്‍ലൈന്‍ പടക്ക വ്യാപാരവും തകൃതി. പടക്ക നിര്‍മാണത്തിനും വില്‍പ്പനയ്ക്കും ലൈസന്‍സ് വേണമെന്നിരിക്കെ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഓണ്‍ലൈന്‍ വിപണനം പൊടിപൊടിക്കുന്നത്. ശിവകാശിയില്‍ നിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കം ഭൂരിഭാഗവും എത്തുന്നത്. പൊലീസ്, റവന്യു, അഗ്‌നിസുരക്ഷ സേന എന്നിവയുടെ പരിശോധനകള്‍ക്ക് ശേഷമാണ് പടക്ക വിതരണ കേന്ദ്രം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തരം കടമ്പകളൊന്നുമില്ലാതെയാണ് ഓണ്‍ലൈന്‍ വ്യാപാരം.
ഗ്രൂപ്പുകള്‍, ക്ലബുകള്‍ എന്നിവ കേന്ദ്രമാക്കി ഓണ്‍ലൈനായി പടക്കം വരുത്തി വില്‍പ്പന നടത്തുകയാണ്. ശിവകാശിയിലെ മൊത്ത വില്‍പ്പനക്കാരുടെ വെബ്‌സൈറ്റ് വഴി പണമടച്ച് ബുക്ക് ചെയ്യുന്നവരുടെ വിലാസത്തിലേക്ക് പടക്കം ലഭ്യമാകും. മാര്‍ക്കറ്റ് വിലയേക്കള്‍ 80 ശതമാനം വരെ വിലക്കുറവില്‍ പടക്കം ലഭ്യമാകുന്നതാണ് ആവശ്യക്കാരെ ആകര്‍ഷിക്കുന്നത്. പല പേരുകളില്‍ ബുക്ക് ചെയ്ത് എത്തിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുന്നവരുമുണ്ട്. ഓണ്‍ലൈനായി വരുത്തുന്ന പടക്കം പലയിടത്തും അലക്ഷ്യമായി കൂട്ടിയിടുന്ന സ്ഥിതിയാണ്.
പുതിയ പാലത്ത് നിന്ന് അനധികൃതമായി സൂക്ഷിച്ച 1500 കിലോ പടക്കമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പാര്‍സല്‍ ഓഫീസിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. രേഖയില്ലാതെയും നികുതി വെട്ടിച്ചും ഓണ്‍ലൈനായി പടക്കമെത്തിക്കുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. പാര്‍സല്‍ ലോറിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പടക്കം മറ്റ് പാര്‍സലുകള്‍ക്കൊപ്പം കയറ്റിവിടുന്നത്. ഇകൊമേഴ്‌സ് സൈറ്റുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പടക്ക വില്‍പ്പനയ്ക്ക് 2018ല്‍ സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫ്‌ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവയാണ് കോടതി പറയുന്ന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ കടകള്‍ വഴി ബുക്ക് ചെയ്തുവരുന്ന പടക്ക വില്‍പന സുപ്രീം കോടതി ഉത്തരവില്‍ ഉള്‍പ്പെടില്ലെന്നാണ് പൊലീസ് പറയുന്നത്. കോടതി ഉത്തരവില്‍ ഇകൊമേഴ്‌സ് എന്നുള്ളതിന് കൃത്യമായ നിര്‍വചനം ഇല്ലാത്തതാണ് ഓണ്‍ലൈന്‍ പടക്ക കടത്തുകാര്‍ക്ക് തുണയാകുന്നത്. സുരക്ഷാ മാനദണ്ഡം പാലിക്കാതെ പടക്കം സൂക്ഷിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിന് കാരണമാകുമെന്നതിനാല്‍ ലൈസന്‍സില്ലാത്തവര്‍ക്ക് പടക്ക വില്‍പ്പന നടത്താനോ സൂക്ഷിക്കാനോ അനുമതിയില്ല. 2008 ലെ എക്‌സ്‌പ്ലോസീവ് നിയമം അനുശാസിക്കുന്ന ചട്ടങ്ങളോടെ മാത്രമേ പടക്കം സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയുള്ളു.