ഡല്‍ഹി:സാധാരണക്കാരുടെ ഭക്ഷ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന അവശ്യസാധന ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കി. പുതിയ ഭേദഗതി പ്രകാരം ഭക്ഷ്യ വസ്തുക്കള്‍, എണ്ണക്കുരു, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്‌സഭ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് രാജ്യസഭ നിയമം പാസാക്കിയത്.
സ്വകാര്യ സംരഭകര്‍ക്ക് വന്‍തോതില്‍ അവശ്യവസ്തുക്കള്‍ സംഭരിക്കാന്‍ അവസരമൊരുക്കാനാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. അവശ്യസാധനങ്ങള്‍ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് ഉല്‍പാദിപ്പിക്കാനും സൂക്ഷിച്ചുവെക്കാനും വിതരണം ചെയ്യാനും കുത്തകകള്‍ക്ക് അവസരമൊരുക്കുന്നതാണ് പുതിയ നിയമം. സ്വകാര്യമേഖലയേയും വിദേശ നിക്ഷേപകരേയും കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അവശ്യസാധനങ്ങള്‍ സംഭരിച്ചുവെക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് കാര്‍ഷിക മേഖലയില്‍ നിക്ഷേപങ്ങള്‍ വരുന്നതിനെ തടസ്സപ്പെടുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ധാന്‍വെ റാവുസാഹിബ് ദാദാറാവു പറഞ്ഞു. ദേശീയ ദുരന്തങ്ങള്‍, വിലക്കയറ്റം മൂലമുണ്ടാവുന്ന ഭക്ഷ്യക്ഷാമം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അവശ്യ വസ്തുക്കള്‍ സംഭരിച്ചുവെക്കുന്നതിന് ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാവൂ എന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ സഹായകരമാവുന്നതാണ് പുതിയ ഭേദഗതിയെന്ന് മന്ത്രി അവകാശപ്പെട്ടു. 1955ല്‍ അവശ്യസാധന നിയമം നിലവില്‍ വരുമ്പോള്‍ രാജ്യം ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിയെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് രാജ്യസഭ ബഹിഷ്‌കരിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ നിയമ ഭേദഗതി ബില്‍ പാസാക്കിയത്. കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി. ഇത് അവശ്യസാധന വിപണിയില്‍ വന്‍ വിലക്കയറ്റത്തിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.