X
    Categories: More

വണ്‍ പ്ലസ് 5; സാംസങ് എസ് 8-നും ഐഫോണ്‍ 7-നും വെല്ലുവിളി ഉയര്‍ത്തുന്ന സ്മാര്‍ട്ട്‌ഫോണ്‍

കുറഞ്ഞ കാലം കൊണ്ടുതന്നെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സില്‍ ഇടം സ്വന്തമാക്കിയ ബ്രാന്‍ഡാണ് ചൈനീസ് കമ്പനിയായ വണ്‍പ്ലസ്. വണ്‍പ്ലസ് 1 ല്‍ തുടങ്ങിയ വണ്‍പ്രസ് 3, 3 ടി എന്നിവ വരെ അവര്‍ ഉപയോക്താക്കളെ കൊണ്ട് മിക്കവാറും നല്ലതേ പറയിച്ചിട്ടുള്ളൂ. ഹൈ എന്‍ഡ് സൗകര്യങ്ങളടങ്ങുന്ന ഫോണുകള്‍ താരതമ്യേന കുറഞ്ഞ വിലയില്‍ നല്‍കുന്നു എന്നതാണ് വണ്‍പ്ലസിന്റെ പ്രധാന പ്രത്യേകത. സാധാരണ കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെങ്കിലും ഭേദപ്പെട്ട വിലക്ക് ഉന്നത സൗകര്യങ്ങളടങ്ങുന്ന ഫോണുകളാണ് വണ്‍പ്ലസ് നല്‍കിപ്പോരുന്നത്.

വണ്‍പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ‘വണ്‍ പ്ലസ് 5’ ഇന്ന് മുതല്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുകയാണ്. ആമസോണ്‍ വെബ്‌സൈറ്റിലൂടെ ഫ്‌ളാഷ് സെയില്‍ ആയും വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും വൈകീട്ട് 4.30 മുതലാണ് വില്‍പ്പന. ഷവോമി പോലുള്ള കമ്പനികള്‍ താഴേക്കിടയിലുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുമ്പോള്‍ ആപ്പിള്‍, സാംസങ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ ശീലമാക്കിയവരുടെ മനം കവരുകയാണ് വണ്‍പ്ലസ് 5-ന്റെ ലക്ഷ്യം.

സാംസങ് എസ് 8, ആപ്പിള്‍ ഐഫോണ്‍ 7, എച്ച്.ടി.സി യു 11, ഗൂഗിള്‍ പിക്‌സല്‍ തുടങ്ങിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുമായാണ് വണ്‍പ്ലസ് 5 മത്സരിക്കുക എന്നാണ് ടെക് ലോകത്തെ സംസാരം. ഇന്ത്യക്കു പുറത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറക്കിയ ഫോണിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 30,000-മോ അതിലധികമോ വില പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ വണ്‍പ്ലസ് ഇതുവരെ പുറത്തിറക്കിയതില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ ആണ്. എങ്കിലും അര ലക്ഷത്തോളം വിലയുള്ള എസ് 8-ഉമായി താരതമ്യം ചെയ്യുമ്പോള്‍ ജയിക്കുന്നത് വണ്‍പ്ലസ് 5 തന്നെയായിരിക്കും.

ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് വണ്‍പ്ലസ് 5 എത്തുന്നത്. ഉന്നത നിലവാരമുള്ള സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസ്സറിലെത്തുന്ന ഫോണ്‍ 6 ജിബി റാം, 64 ജിബി മെമ്മറി / 8 ജിബി റാം, 128 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് എത്തുന്നത്. 5.5 ഇഞ്ച് അമോള്‍ഡ് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, ഏറ്റവും പുതിയ ഗോറില്ല ഗ്ലാസ് 5, 16 മെഗാപിക്‌സല്‍ അപെര്‍ചര്‍ സെന്‍സറും 20 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സും അടങ്ങുന്ന ഇരട്ട ലെന്‍സ് ക്യാമറ, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് വണ്‍പ്ലസ് 5-ന്റെ വിശേഷണങ്ങള്‍. ഇതുവരെ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും കരുത്തേറിയ ക്യാമറ എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഫോണിന്റെ ഘനം തീരെ കുറച്ചതിനാല്‍ 3,300 എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അലൂമിനിയം മെറ്റല്‍ ബോഡിയിലുള്ള ഫോണ്‍ വെള്ള, കറുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലായിരിക്കും. വലുപ്പത്തിലും കൈയിലൊതുക്കാനുള്ള സൗകര്യത്തിലും ഐഫോണ്‍ 7 ആണ് ഈ ഫോണ്‍ ഓര്‍മിപ്പിക്കുന്നത്. അതേസമയം, ഡിസൈന്റെ കാര്യത്തില്‍ കമ്പനി കുറച്ചുകൂടി ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: