സി.വി ശ്രീജിത്ത്
അറുപതിന്റെ നിറവിലാണ് കേരളം. പക്ഷെ, അത്ര ശുഭകരമല്ല ഇന്നിന്റെ കാഴ്ചകള്‍. പിറവിതൊട്ടിങ്ങോട്ട് നാം കൂട്ടായി നേടിയെടുത്ത വികസനപരവും പുരോഗമനപരവുമായ അടയാളങ്ങള്‍ ഒന്നൊന്നായി മാഞ്ഞുപോകുന്നതില്‍ തെല്ലാശങ്കയില്ലാത്ത മലയാളിയുണ്ടാവില്ല. എല്ലാ തലത്തിലും നാടിന്റെ മന:സമാധാനം തകര്‍ക്കുന്ന സാഹചര്യം സംജാതമായതിന്റെ ഉത്തരവാദിത്തം അധികാരത്തിലിരിക്കുന്ന ഭരണകര്‍ത്താക്കള്‍ക്കാണ്. കാരണം കൃത്യമായി ഒരാണ്ടുമുമ്പ് കേരളത്തിന്റെ സാമൂഹ്യ മണ്ഡലം ഈ വിധം കലുഷിതമായിരുന്നില്ല.
അവാസ്തവ പ്രചാരണങ്ങളുടെ പെരുമഴ പെയ്യിച്ചാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്. കൂട്ടാവുന്നതും ചേര്‍ക്കാവുന്നതുമായ സകലമായ വര്‍ഗീയ-പിന്തിരിപ്പന്‍-പ്രതിലോമ ശക്തികളുടെയും സഹായം പരസ്യമായി തന്നെ വാങ്ങുകയും, ചില പ്രത്യേക ഇടങ്ങളില്‍ മൃദു-വിശാല വര്‍ഗീയ വിഷം തരംപോലെ ചീറ്റിയുമാണ് സി.പി.എം നേട്ടമുണ്ടാക്കിയത്. എന്നാല്‍ അധികാരത്തിലെത്തിയശേഷം തെരഞ്ഞെടുപ്പ് രംഗത്തുന്നയിച്ച എല്ലാ മുദ്രാവാക്യങ്ങള്‍ക്കും അകാലമൃത്യു സംഭവിച്ചു. വാഗ്ദാനങ്ങള്‍ വിസ്മൃതിയിലായതില്‍ ജനങ്ങള്‍ക്ക് പരാതിയില്ലെങ്കിലും എന്തിന് ഈ വിധം ദ്രോഹിക്കുന്നു എന്നാണ് അരിയാഹാരം കഴിക്കുന്നവരുടെ മിതമായ ചോദ്യം. അതിനുത്തരം നല്‍കാന്‍ നിശ്ചയമായും ഇടതുസര്‍ക്കാരിന് ബാധ്യതയുണ്ട്.
എല്ലാം ശരിയാക്കുമെന്ന് രാജ്യത്തിനകത്തും പുറത്തും കോടികള്‍ പൊടിച്ച് പരസ്യം ചെയ്യിപ്പിച്ച് വോട്ടുവാങ്ങിയവര്‍ ഇപ്പോള്‍ ജനങ്ങളെ ശരിപ്പെടുത്തുന്ന തിരക്കിലാണ്. സര്‍ക്കാറിന്റ മധുവിധുകാലം തന്നെ തമ്മിലടിയും അഴിമതിയും കെടുകാര്യസ്ഥതയും അരങ്ങുവാഴുന്നു. മനസമാധാനത്തോടെ നാട്ടിലിറങ്ങി നടക്കാനാകാത്ത അത്യന്തം ഭീതിതമായ അവസ്ഥ. ക്രമസമാധാന രംഗത്ത് രാജ്യത്തിന് മാതൃകയായിരുന്നു യു.ഡി.എഫ് കാലത്തെ കേരളം. എന്നാല്‍ അധികാരത്തിലെത്തി ആദ്യനാളുകളില്‍ തന്നെ കണ്ണൂരില്‍ അരുംകൊലയോടെ സി.പി.എം തങ്ങളുടെ ആഘോഷം തുടങ്ങി. പയ്യന്നൂരില്‍ വെള്ളിയാഴ്ച നിഷ്ഠൂരമായി കൊല്ലപ്പെട്ട ആര്‍.എസ്.എസുകാരനില്‍ വരെ അതെത്തി നില്‍ക്കുന്നു. മരിക്കുന്നതാരായിരുന്നാലും അവനൊരമ്മയും ഭാര്യയും സഹോദരിയും പിഞ്ചുകുഞ്ഞുങ്ങളും ഉണ്ടെന്ന് കൊലക്കത്തിയെടുത്ത് തലകൊയ്യാന്‍ പോകുന്നവരും അവരെ അതിനായി നിയോഗിക്കുന്ന പാര്‍ട്ടി നേതാക്കളും മറക്കുന്നു.
കണ്ണൂരില്‍ മാത്രമല്ല, കേരളത്തിലെവിടെയും തല്‍ക്കാലത്തേക്കെങ്കിലും ഒന്നടങ്ങിയ അക്രമരാഷ്ട്രീയം വീണ്ടും ശക്തമായി തിരിച്ചുവരികയാണ്.വെട്ടിനും കുത്തിനും അരുംകൊലക്കും ആര്‍.എസ്.എസിന് സി.പി.എമ്മിന്റെ അതേ തലപ്പൊക്കമുണ്ട്. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന്റെ അഹന്തയില്‍ ഒരു കൂട്ടം ക്രിമിനല്‍ സംഘം അഴിഞ്ഞാടിത്തുടങ്ങിയതോടെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിനെ ചോരമണപ്പിച്ചത്. തലക്ക് തലയെണ്ണിപ്പറഞ്ഞ് കൊല്ലുക എന്നതാണ് സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റയും ശൈലി. ആ ശൈലിക്കും കുരുതിക്കും കാലമേറെ പഴക്കവുമുണ്ട്. ഇന്നലെ കൊല്ലപ്പെട്ടത,് സി.പി.എം പ്രവര്‍ത്തകനെ കൊന്ന കേസിലെ പന്ത്രണ്ടാം പ്രതിയാണ്. ഇതിനു പലിശയും കൂട്ടുപലിശയും നല്‍കാനുള്ള ‘ഓപ്പറേഷന്‍’ ഇതിനകം എതിര്‍പ്പാളയത്തില്‍ ആരംഭിച്ചിട്ടുണ്ടാവും. പൊലീസ് നിഷക്രിയമാണെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി തന്നെ പറയുമ്പോള്‍ അവര്‍ക്കത് അടിച്ചമര്‍ത്താനാവുമെന്ന് കരുതാന്‍ വയ്യ. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിന് ഒരറുതിയുണ്ടായിരുന്നു. അതിന് കാരണം പൊലീസിനെ പാര്‍ട്ടി ഓഫീസില്‍ തളച്ചില്ല എന്നതുകൊണ്ടാണ്. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള പട്ടിക വെച്ച് പ്രതികളെ അഡ്ജസ്റ്റ്‌മെന്റ് അറസ്റ്റ് ചെയ്യുന്ന രീതി തിരുവഞ്ചൂരിന്റെയും രമേശ് ചെന്നിത്തലയുടെയും പൊലീസ് ഉപേക്ഷിച്ചതോടെ കൊടിസുനിയും കിര്‍മാണിയും കുഞ്ഞനന്തന്‍മാരും അഴിക്കുള്ളിലായി. അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ വിചാരണനടത്തി കൊന്നുതള്ളിയ കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടി അകത്തായതോടെ അഴിഞ്ഞാട്ടത്തിനും തേര്‍വാഴ്ച്ചയ്ക്കും പൊലീസ് അനുവദിക്കില്ലെന്ന് യു.ഡി.എഫ് കാലത്ത് സി.പി.എം തിരിച്ചറിഞ്ഞു. പതുക്കെ രാഷ്ട്രീയ കൊലപാതക വാര്‍ത്തകള്‍ കേള്‍ക്കാതെയായി. ആ സാഹചര്യം ഇന്ന് മാറിയിരിക്കുന്നു. സി.പി.എം അധികാരത്തില്‍ വന്നതിന്റെ തണലില്‍, നാട്ടില്‍ അമര്‍ന്നുപോയ എല്ലാ ക്രമിനലുകളും തലപൊക്കി തുടങ്ങി.
പാര്‍ട്ടി ഏരിയാ സെക്രട്ടറിമാര്‍ വരെ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സ്ഥിതിയായി. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ സക്കീര്‍ഹുസൈന്‍ ഏരിയാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായിരുന്നു. മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കള്‍ എല്ലാതട്ടിപ്പുകേസുകളുടെയും മൊത്തക്കച്ചവടക്കാരായി മാറി.
ക്രമസമാധാന രംഗം അക്രമികളുടെയും ഗുണ്ടാസംഘത്തിന്റെയും കൈകളിലായപ്പോള്‍ ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുവെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രി വാതുറന്നില്ല. മനസമാധാനത്തേടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണിന്ന് കേരളത്തില്‍. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. നിര്‍ജ്ജീവവും നിഷ്‌ക്രീയവുമായ പൊലീസ് സംവിധാനമാണ് ഈ സാഹചര്യത്തിലേക്ക്, ഒരാണ്ടുകൊണ്ട് കേരളത്തെ എത്തിച്ചത്. പൊലീസ് തലപ്പത്തുമുതല്‍ പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളെ പ്രതിഷ്ഠിച്ചപ്പോള്‍ സമര്‍ത്ഥരും കുറ്റാന്വേഷണ വൈദഗ്ധ്യമുള്ളവരുമായ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും അപ്രധാനമായ ഇടങ്ങളിലെക്ക് തള്ളപ്പെട്ടു. ഫലമോ, ആര്‍ക്കും എന്തും ആകാം എന്ന അവസ്ഥ. ഇവിടെ പൊലീസുണ്ടോ എന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ചോദിക്കുന്ന സാഹചര്യത്തിലും ദുരഭിമാനം വിടാതെ മുഖ്യമന്ത്രി പഴംപുരാണം പറയുകയായിരുന്നു. ഒടുവില്‍ സംസ്ഥാന പൊലീസ് മേധാവിയെ മാറ്റിയതിലും തല്‍സ്ഥാനത്ത് നിയമിക്കാത്തതിലും സുപ്രീം കോടതിയില്‍ നിന്നും കനത്ത പ്രഹരമാണ് സര്‍ക്കാരിനു കിട്ടിയത്. എന്നാല്‍ അതൊന്നും തങ്ങള്‍ക്ക് ഭൂഷണമല്ല എന്ന ന്യായത്തിലാണ് ഇടതുമുന്നണി. സംസ്ഥാനത്തെ സിവില്‍ സര്‍വീസുകാരും പരസ്യമായ ചേരിപ്പോരില്‍ ഏര്‍പ്പെട്ടപ്പോഴും പിണറായിക്ക് കാഴ്ചക്കാരനാവാനേ കഴിഞ്ഞുള്ളൂ. പാര്‍ട്ടി ഭരണമല്ല സംസ്ഥാന ഭരണമെന്ന് പിണറായിയെ തിരുത്തിക്കാന്‍ പക്ഷെ ഉപദേശികള്‍ക്ക് കഴിഞ്ഞില്ല.
എല്ലാ രംഗത്തും സമ്പൂര്‍ണ പരാജയമാണ് തങ്ങളെന്ന് അനുദിനം തെളിയിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ഭരണരംഗത്തെ കെടുകാര്യസ്ഥതയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി. സര്‍ക്കാരുദ്യോഗസ്ഥരെ വിരട്ടി തന്റെ കാല്‍ചുവട്ടില്‍ നിര്‍ത്തിക്കളയാമെന്ന് വ്യാമോഹിച്ച മുഖ്യമന്ത്രിക്ക് തുടക്കം തന്നെ പിഴച്ചു. ഭരണസിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരായി. ജനങ്ങള്‍ക്ക് അവശ്യം വേണ്ടുന്ന സര്‍ക്കാരുത്തരവുകള്‍ തൊട്ട് ഏറ്റവും ഗൗരവമേറിയ നിയമ പ്രശ്‌നങ്ങളില്‍ വരെ ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് പ്രഖ്യാപിച്ചു. ഫലമോ, ജനങ്ങളുടെ അത്യാവശ്യങ്ങള്‍ പോലും മുടങ്ങുന്ന സാഹചര്യമുണ്ടായി. പെന്‍ഷന്‍ വിതരണം താറുമാറായി. തെറ്റുകൂടാതെ ഒരു റേഷന്‍ കാര്‍ഡെങ്കിലും സമയത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. ഹൈക്കോടതിയിലും വിജിലന്‍സ് കോടതികളിലും സമയത്തിന് ഫയലുകളും സത്യവാങ്മൂലവും സമര്‍പ്പിക്കാത്തതിനാല്‍ സര്‍ക്കാര്‍ തോറ്റുകൊണ്ടേയിരുന്നു. ഒറ്റപ്പെട്ട സംഭവത്തിലല്ല, തുടരെ തുടരെ കോടതികളില്‍ നിന്ന് സര്‍ക്കാരിന്റെ പിടിപ്പുകേടിന് പിടിപ്പത് കിട്ടി. എന്നിട്ടും ധാര്‍ഷ്ഠ്യത്തിന് ശമനമുണ്ടായില്ല. ഇത്തരം സമീപനങ്ങളുടെ സകലഭാരവും പേറേണ്ടി വന്നതോ, ജനങ്ങളും.
അധികാരത്തിലേറി ഏറ്റവും അടുത്ത ദിവസം മുതല്‍ തന്നെ സര്‍ക്കാര്‍ തീര്‍ത്തും ജനവിരുദ്ധമാകുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങിയിരുന്നു. സ്വാശ്രയ കോളജുകളിലെ ഫീസ് നിരക്കില്‍ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതിലും അധികം(ഇരട്ടി വരെ) അനുവദിച്ചുകൊണ്ടാണ് പിണറായി വിജയന്‍ ഉപകാരസ്മരണ കാട്ടിയത്. പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് ഫീസ് നിരക്കില്‍ കുറവുവരുത്താന്‍ മാനേജ്‌മെന്റുകള്‍ തയാറായെങ്കിലും ഭരണകക്ഷിയുടെ ദുരഭിമാനം സമ്മതിച്ചില്ല. അതിന് സന്നദ്ധമായെത്തിയ മാനേജ്‌മെന്റുകളെ മുഖ്യമന്ത്രി വിരട്ടിയോടിക്കുന്ന അത്യപൂര്‍വ അവസരത്തിനും കേരളം സാക്ഷിയായി. ഈ വര്‍ഷം വീണ്ടും മാനേജ്‌മെന്റ് ആവശ്യപ്പെട്ട വര്‍ധനവാണ് മെരിറ്റ്, എന്‍.ആര്‍.ഐ ക്വാട്ടകളില്‍ വരെ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയത്. സ്വാശ്രയ സമരത്തിന്റെ പേരില്‍ കൂത്തുപ്പറമ്പില്‍ അഞ്ചുരക്തസാക്ഷികളെ സൃഷ്ടിച്ച സംഘടനയുടെ അമരക്കാരനാണ് മുഖ്യമന്ത്രിയുടെ പ്രഥമ സചിവന്‍ എന്നകാര്യം കൂടി ഓര്‍ക്കണം. ആഗോള തലത്തിലുള്ളവരെ പോലും ഉപദേശികളാക്കി വെച്ചിട്ടും ജനത്തിന് ഉപകാരപ്പെടുന്നതൊന്നും സര്‍ക്കാരില്‍ നിന്നുണ്ടാവുന്നില്ല. മറിച്ച് നിത്യജീവിതത്തെ ഏറ്റവും പ്രതീകൂലമായി ബാധിക്കുന്ന നടപടികള്‍ മാത്രമാണ് പുറത്തുവരുന്നത്.
നയചാരുതയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, കെടുകാര്യസ്ഥതയിലൂടെയും ധാര്‍ഷ്ഠ്യം നിറഞ്ഞ പെരുമാറ്റത്തിലൂടെയും പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് കനത്ത വില നല്‍കുന്നതാകട്ടെ ഇന്നാട്ടിലെ സാധാരണക്കാരും.