X

ഹിന്ദുത്വ രാഷ്ട്രീയത്തെ പിടിച്ചുലച്ച അതിര്‍ത്തി പ്രതിഷേധത്തിന് ഒരാണ്ട്‌

അഹമ്മദ് ശരീഫ് പി.വി

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷിക മാരണ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്. 2020 നവംബര്‍ 26നാണ് ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യമുയര്‍ത്തി പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് എത്തിയത്. എന്നാല്‍ കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടത്താതെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനേയും അര്‍ധ സൈനിക വിഭാഗങ്ങളേയും ഉപയോഗിച്ച് സിംഘു, തിക്രി, ഗാസിപൂര്‍ എന്നീ അതിര്‍ത്തികളില്‍ ബലം പ്രയോഗിച്ച് തടഞ്ഞു.
കോര്‍പറേറ്റ് ദാസ്യവേലയ്ക്കായി കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും മണ്ണില്‍ പടവെട്ടുന്നവന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വിലപ്പോവില്ലെന്ന് മനസിലാക്കിയ മോദിയും ബി.ജെ.പിയും ഒടുവില്‍ നിയമം പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും മോദിയുടെ വാക്കുകള്‍ക്ക് വിശ്വാസ്യതയില്ലാത്തതിനാല്‍ കര്‍ഷകര്‍ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച ബില്‍ കൊണ്ടു വരുന്നത് വരെ സമരവുമായി മുന്നോട്ടു പോവുകയാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഈ മാസം 29 മുതല്‍ ഓരോ ദിവസവും 500 പ്രതിഷേധക്കാരെ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്കയക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നിയമം പിന്‍വലിക്കുന്നതോടെപ്പം ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക കൂട്ടക്കുരുതിക്ക് കാരണക്കാരനായ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ തല്‍സ്ഥാനത്തു നിന്നു നീക്കുക, കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുക തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ്. നിലവില്‍ 18 വിളകള്‍ക്കാണ് താങ്ങ് വിലയുള്ളത്.

ഈ വിളകളുടെ ഉത്പാദന ചെലവിന്റെ 50 ശതമാനം കൂടി ചേര്‍ത്തുള്ള താങ്ങ് വില പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതോടൊപ്പം പഴം, പച്ചക്കറി എന്നിവയ്ക്കും താങ്ങുവില പ്രഖ്യാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ ശരിക്കും വെട്ടില്‍ വീണിരിക്കുകയാണ്. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെ നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കും വരെ ചെവികൊടുക്കേണ്ടതില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക സംഘടനകളുടെ പ്രതിഷേധം കേവലമൊരു പ്രതിഷേധം എന്നതിനപ്പുറം തങ്ങളുടെ അജണ്ടകളെ മൂടാന്‍ കെല്‍പുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാറിനും ബി.ജെ.പിക്കും നന്നായി അറിയാം. കഴിഞ്ഞ ഏഴു വര്‍ഷമായി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിലനിര്‍ത്തിയ ഹിന്ദുത്വ രാഷ്ട്രീയമെന്ന തുരുപ്പ് ചീട്ടിനെ മറികടക്കാന്‍ കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് കഴിയുമെന്ന തിരിച്ചറിവ് ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കിയതാണ്. ഹിന്ദുത്വ രാഷ്ട്രീയം കൊണ്ട് ഭിന്നിപ്പിച്ച സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കായി എന്നതാണ് ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും ഒരു പോലെ വിഷമിപ്പിക്കുന്ന ഘടകം. സാമൂഹിക നീതി, പൗരാവകാശം പോലുള്ള പ്രശ്‌നങ്ങളിലേക്ക് കൂടി ഈ പ്രതിഷേധം വേദിയൊരുക്കുമോ എന്ന ഭയവും ഭരണകൂടത്തിനുണ്ട്. എടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്‍വലിയില്ലെന്ന മോദിയുടെ ഇമേജിന് കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തിലൂടെ ആദ്യമായി കര്‍ഷകര്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയതോടെ ആര്‍ക്കും കീഴ്‌പ്പെടുത്താനാവാത്ത നേതാവെന്ന തങ്ങളുടെ വാഴ്ത്തുപാട്ടുകള്‍ക്ക് ആദ്യമായി ഭംഗം വന്നതിന്റെ നിരാശ ബി.ജെ.പിക്ക് വന്നു കഴിഞ്ഞു. പ്രതിഷേധത്തിനിടെ മരിച്ച 719 കര്‍ഷകരുടെ ജീവനും അനാവശ്യമായി കേട്ട പഴികള്‍ക്കും ഉത്തരവാദികള്‍ ആരെന്ന് മാത്രം സര്‍ക്കാറും ബി. ജെ.പിയും മിണ്ടുന്നില്ല.

മോദിയുടെ ഇമേജിനാണോ 719 കര്‍ഷകരുടെ ജീവനാണോ പ്രാധാന്യമെന്ന കര്‍ഷകരുടെ ചോദ്യത്തിന് നിയമസഭകളിലേക്കുള്ള വോട്ടിന്റെ വിലയുണ്ടെന്ന് ഭരണകൂടത്തിന് തന്നെ അറിയാം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്ര മുഖം കണ്ട് പരിചയിച്ച പടിഞ്ഞാറന്‍ യു.പിയില്‍ ബി.ജെ. പിയുടെ വോട്ട് ബാങ്കായിരുന്ന ജാട്ട് വോട്ടുകളില്‍ കര്‍ഷക പ്രക്ഷോഭം ഉണ്ടാക്കിയ വിള്ളല്‍ വിളക്കി ചേര്‍ക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് ബി.ജെ.പി മനസിലാക്കിയിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭങ്ങള്‍ പടിഞ്ഞാറന്‍ യു.പിയില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് കൂടി കാരണമായത് സംസ്ഥാന, കേന്ദ്ര ഭരണകൂടത്തിന് ചങ്കിടിപ്പ് കൂട്ടുന്ന ഘടകം കൂടിയാണ്. 1974ല്‍ ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭവും കര്‍ഷക പ്രക്ഷോഭവും തമ്മില്‍ ചില സാമ്യതകളുണ്ട്. ഗുജറാത്തില്‍ മെസ്, ഹോസ്റ്റല്‍ ഫീ വര്‍ധനവിനെതിരെ യുവാക്കളുടെ പ്രതിഷേധമായിരുന്നു ജെ.പിയുടെ പ്രക്ഷഭത്തിന് തുടക്കമിട്ടതെങ്കില്‍ കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത് പഞ്ചാബിലെ കര്‍ഷകരാണ്. വിദ്യാര്‍ഥികള്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ജെ.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യ മുഴുവന്‍ വ്യാപിക്കുകയും അത് ഒടുവില്‍ 1977ല്‍ ഇന്ദിരാ സര്‍ക്കാറിനെ കടപുഴക്കുന്നതില്‍ വരെ എത്തിക്കുകയും ചെയ്തു.

ഏറെക്കുറെ സമാന രീതിയാണ് കര്‍ഷക പ്രക്ഷോഭത്തിനും കൈവന്നിരിക്കുന്നത്. ഹരിയാന, പഞ്ചാബ്, യു.പി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇതിന്റെ അലയൊലികള്‍ പ്രകടമായിട്ടുണ്ട്. ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ കെല്‍പുള്ള സമരത്തിന് ദക്ഷിണേന്ത്യയുടെ പൂര്‍ണ ആശിര്‍വാദമുണ്ട്. ജെ.പി പ്രക്ഷോഭം ചിന്നിച്ചിതറി നിന്നിരുന്ന ജനസംഘം, ലോക്ദള്‍, ഡി.എം.കെ.പി, വിവിധ സോഷ്യലിസ്റ്റ്, വലത് പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ കാരണമായത് പോലെ ഹിന്ദുത്വ ആശയം വ്യാപിപ്പിക്കുന്നതിനായി മോദി-ഷാ ദ്വയം ഉണ്ടാക്കിയ സമൂഹത്തിലെ വിഭജനം കര്‍ഷക പ്രക്ഷോഭം മറികടക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരായി ഒന്നിക്കുമോ എന്ന ഭയം ബി.ജെ.പിക്കുണ്ട്. ഈ ഭയമാണ് ജിന്നയെ പിന്തുണക്കുന്ന പ്രതിപക്ഷത്തേയാണോ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ബി.ജെ.പിയേയാണോ വേണ്ടതെന്ന ചോ ദ്യമായി ബി. ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയില്‍ നിന്നും പുറത്തു വന്നത്.

 

 

Test User: