X

വണ്‍ ഹു കനോട്ട് സ്പീക്ക്-പ്രതിഛായ

ഭരണ സിരാകേന്ദ്രം തിരുവനന്തപുരത്താണെങ്കിലും രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ തീരുമാനമെല്ലാം വരേണ്ടത് അങ്ങ് കണ്ണൂരില്‍ നിന്നുമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനായ എം.വി ഗോവിന്ദനുമടക്കം മന്ത്രിസഭയിലെ പ്രമുഖരെല്ലാം കണ്ണൂര്‍ക്കാരായിരുന്നു. പക്ഷേ സഭാ നാഥന്‍ തൃത്താലയില്‍ നിന്നുമായിരുന്നെന്ന വ്യത്യാസം മാത്രം. പക്ഷേ കാലം മാറി, ഗോവിന്ദന്‍ മാസ്റ്ററുടെ താത്വിക അവലോകനം നിയമസഭയില്‍ ഏശാത്ത സ്ഥിതിക്ക് പാര്‍ട്ടി സ്റ്റഡി ക്ലാസുകളാണ് വേണ്ടതെന്ന് സി.പി.എം തീരുമാനിച്ചതോടെ സഭാ നാഥനായി തലശ്ശേരിയില്‍ നിന്നുള്ള യുവ എം.എല്‍.എയെയും തീരുമാനിച്ചു. ഇതോടെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സഭാ നാഥനും കണ്ണൂര്‍ക്കാരായി, മൊത്തത്തിലൊരു കണ്ണൂര്‍ പാര്‍ട്ടി ഭരണം. തോറ്റ എം.പി എം.ബി രാജേഷിനെ മിണ്ടാന്‍ സമ്മതിക്കാതെ സ്പീക്കറാക്കി ഒതുക്കിയെന്ന ആരോപണം മറികടക്കാനും ആയി. ആലിപ്പഴം പഴുത്തപ്പോള്‍ കാക്കക്ക് വായ് പുണ്ണ് എന്ന് പറഞ്ഞ പോലെയായിരുന്നു തലശ്ശേരി സാമാജികന്റെ അവസ്ഥ.

രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയാകുമെന്ന് ഏവരും പ്രതീക്ഷിച്ച യുവ എം.എല്‍.എയ്ക്ക് അഖിലേന്ത്യാ നേതാവ് മന്ത്രിയായതോടെ പ്രതിപക്ഷം സംസാരിക്കുമ്പോള്‍ ബഹളം വെക്കുന്ന റോളാണ് കിട്ടിയത്. സഭയില്‍ പ്രതിപക്ഷത്തിന്റെ ഏത് വിഷയത്തിലും ഇടംകോലിടുന്ന ഷംസീറിനെ പിടിച്ച് അതേ സ്ഥാനം നല്‍കുക വഴി സി.പി.എം ശരിക്കും അച്ചടക്കം പഠിപ്പിക്കുകയാണ് ചെയ്തത്. സാധാരണ ക്ലാസില്‍ വികൃതി കാണിക്കുന്നവരെ ചില അധ്യാപകര്‍ പിടിച്ച് ഇനിയെങ്കിലും നന്നായെങ്കിലോ എന്ന് കരുതി ക്ലാസ് ലീഡറാക്കുന്നതു പോലുള്ള ഒരു ചെപ്പടി വിദ്യ. സംഗതിയുടെ ഗുട്ടന്‍സ് എം.എല്‍.എക്കു തന്നെ പിടികിട്ടിയെങ്കിലും പാര്‍ട്ടിയെ ധിക്കരിച്ചാല്‍ മൂലക്കിരിക്കേണ്ടി വരുമെന്നതിനാല്‍ സ്പീക്കറെന്നാല്‍ വണ്‍ ഹൂ കനോട്ട് സ്പീക്കെന്ന ഗ്രാമറിനു പുറത്തെ ഇംഗ്ലീഷുമായാണ് ഷംസീര്‍ അതിനെ സ്വീകരിച്ചത്. സി.പി.എമ്മില്‍ വിദ്യാര്‍ഥി – യുവജന സംഘടനാ പ്രവര്‍ത്തനം വഴി ഉയര്‍ന്നുവന്നവരാണ് എം.ബി രാജേഷും എ.എന്‍ ഷംസീറുമെങ്കിലും സ്പീക്കറെന്ന നിലയില്‍ പ്രതിപക്ഷത്തിനും സ്വീകാര്യനായിരുന്നു എം.ബി രാജേഷ്. പാര്‍ട്ടിക്കുവേണ്ടി പ്രതിരോധം തീര്‍ക്കുമ്പോള്‍ ആക്രമണോത്സുകമായ ഭാഷ ഉപയോഗിക്കുന്ന എ.എന്‍ ഷംസീറിന് സ്പീക്കര്‍ സ്ഥാനമെന്നത് ഏത് നിലക്ക് യോജിക്കുമെന്ന് കണ്ട് തന്നെ അറിയണം. തലശ്ശേരി പാറാല്‍ ആമിനാസില്‍ റിട്ട. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍ സെറീനയുടെയും മകനായ എ.എന്‍ ഷംസീര്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉണ്ടെങ്കില്‍ പഴയ ജഗതിയുടെ സിനിമ കാണുന്ന ആവേശത്തില്‍ ചര്‍ച്ച നോക്കിയിരുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇനി നിരാശയുടെ നാളുകളാണ്. പ്രതിപക്ഷത്തിന് മൊത്തത്തില്‍ ചെണ്ട നഷ്ടപ്പെട്ട മാരാരുടെ അവസ്ഥയാണ്. വിടുവായത്തങ്ങള്‍ക്ക് അല്‍പ വിരാമം. നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമായ ഷംസീര്‍ തലശ്ശേരിയില്‍നിന്ന് രണ്ടാം തവണയാണ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ ചെയര്‍മാന്‍, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പടിപടിയായി വളര്‍ന്നു. എല്‍.എല്‍.എം ബിരുദധാരിയാണ്. വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു തോറ്റതൊഴിച്ചാല്‍ അത്ര വലിയ തോല്‍വിയൊന്നും പാര്‍ലമെന്ററി രംഗത്തില്ലാത്ത ഷംസീര്‍ അക്കാദമിക മികവില്‍ മോശക്കാരനല്ല താനും. എങ്കിലും ഭാര്യയുടെ നിയമനവും തലശ്ശേരിയില്‍ പഴയ ഡി.വൈ.എഫ്.ഐ നേതാവിനെതിരായ വധശ്രമ കേസ്, ടി.പി വധക്കേസിലെ പ്രതിയുടെ വിവാഹത്തില്‍ പങ്കെടുത്തത് തുടങ്ങി വിവാദങ്ങളും യഥേഷ്ടം ഷംസീറിനെ പിന്തുടര്‍ന്നിട്ടുണ്ട്.

സഭയിലാവട്ടെ ഷംസീറും ചിത്തരഞ്ജനുമടക്കം ഭരണപക്ഷത്തെ അംഗങ്ങള്‍ എം.ബി രാജേഷിന്റെ ശാസനക്ക് പലവട്ടം വിധേയനായിട്ടുണ്ട്. ഷംസീര്‍ നേരത്തെ ഒന്നാം പിണറായി സര്‍ക്കാറില്‍ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ താക്കീതിനും വിധേയനായിട്ടുണ്ട്. സ്ഥിരം താക്കീത് വാങ്ങി ശീലിച്ച ഷംസീര്‍ ഇനി മറ്റുള്ളവരെ മെരുക്കുന്നത് എങ്ങിനെയെന്നതും കൗതുകമാണ്. പ്രളയം വന്നാല്‍ ചാലുകീറി വിട്ടാല്‍ മതിയെന്ന് നിയമസഭയില്‍ പറഞ്ഞ ഷംസീറാണ് പരിണിത പ്രജ്ഞരായ നേതാക്കളിരുന്ന സ്പീക്കര്‍ കസേരയില്‍ ഇരിക്കുന്നതെന്നത് ആലോചിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം തേഞ്ഞൊട്ടല്‍ റോളില്‍ ആവില്ലെന്ന് മാത്രം ആശ്വസിക്കാം. എം.എം മണിക്കും ശിവന്‍കുട്ടിക്കും മന്ത്രി ആകാമെങ്കില്‍ ഷംസീറിന് സ്പീക്കറുമാകാമെന്ന് ന്യായമായും പറയാം. എന്തായാലും കരുണാകരന്‍ മാറി ആന്റണി മുഖ്യമന്ത്രിയപ്പോള്‍ സഖാവ് നായനാര്‍ പറഞ്ഞ മച്ചി പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയിട്ട് കാര്യമുണ്ടോ കമന്റ് തന്നെയാണ് മന്ത്രിയും സ്പീക്കറും മാറുമ്പോഴും ഓര്‍ക്കാനുള്ളത്.

Test User: