X

ഒറ്റ രൂപയുടെ വക്കീല്‍

പാകിസ്താന്‍ പട്ടാളക്കോടതി വിധിച്ച തൂക്കുകയറില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവിനെ പുഷ്പം പോലെ രക്ഷിച്ചെടുത്ത ഹരീഷ് സാല്‍വെക്കാണ് ഇന്ത്യന്‍ ജനതയുടെ അഭിവാദ്യം. ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ഖാനെ ഒരു രാത്രി പോലും ജയിലില്‍ കഴിയാന്‍ അനുവദിക്കാത്ത സാല്‍വെ ലോകത്തെ തന്നെ സമ്പന്നരായ അഭിഭാഷകരില്‍ മുമ്പനാണ്. ജനാധിപത്യ രാജ്യങ്ങളെല്ലാം പഠിപ്പും പൊടിപ്പുമുള്ള അഭിഭാഷകരുടെ കൈകളിലേക്കാണ് നീങ്ങുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയും കപില്‍ സിബലും പി.ചിദംബരവും അതിന്റെ ചിഹ്നങ്ങള്‍ മാത്രം. ദിവസ വേതനം 30 ലക്ഷം രൂപ വരെ പോകുമെങ്കിലും സാല്‍വെ അന്താരാഷ്ട്ര കോടതിയില്‍ രാജ്യത്തിന് വേണ്ടി വാദിക്കാന്‍ ഒറ്റ രൂപയേ പ്രതിഫലമായി വാങ്ങിയുള്ളൂവെന്നാണ്, സാല്‍വെക്ക് അഭിവാദ്യമര്‍പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എല്ലാരും ഹരീഷ് സാല്‍വെയെ പ്രശംസിക്കുന്നു. തക്ക സമയത്ത് രാജ്യാന്തര കോടതിയെ സമീപിക്കാനായത് നേട്ടമായി. കോടതിയിലെത്തും മുമ്പെ സര്‍ക്കാര്‍ സാല്‍വെയോടാണ് നിയമോപദേശം തേടിയത്. അതിനായി അല്‍പം സങ്കീര്‍ണമായ ഈ കേസ് പഠിച്ചു. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ പട്ടാളം വിചാരണ ചെയ്തത് ചാരക്കേസിലാണ്. വിയന്ന അന്താഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കരാര്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് പാകിസ്താനും ഇന്ത്യയും. ഈ കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ജാദവിന് അഭിഭാഷകരുടെ സേവനം ലഭ്യമാക്കിയതുമില്ല. ഒന്നര മണിക്കൂര്‍ കൊണ്ട് പാകിസ്താന്‍ വാദങ്ങളെ ചുരുട്ടി മടക്കിക്കെട്ടി സാല്‍വെ ഹേഗില്‍ നിന്ന് മടങ്ങി. ഈ കേസില്‍ ഹാജരായപ്പോള്‍ പ്രത്യേക വികാരത്താല്‍ വിജൃംഭിതനായെന്ന് സാല്‍വെ സദാ ദേശ സ്‌നേഹ വിജൃംഭിതനായ അര്‍ണബ് ഗോസാമിയോട് പറഞ്ഞല്ലോ.

ഒറ്റ ഹാജറിന് അഞ്ചും പത്തും ലക്ഷം രൂപാ ഫീസാക്കുന്ന ഒരു പറ്റം അഭിഭാഷകരെങ്കിലും ഇവിടെയുണ്ട്. രാംജത്മലാനിയെന്ന തൊണ്ണൂറുകാരന്‍ എം.പിയും ഇതില്‍ വരും. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് വേണ്ടി അരുണ്‍ജെയ്റ്റ്‌ലി എന്ന കോടിപതി അഭിഭാഷക മന്ത്രിക്കെതിരെ ജത്മലാനി ഹാജരായപ്പോഴാണ് ചോദ്യമുയര്‍ന്നത്, എവിടുന്ന് കെജ്‌രിവാളിന് ഇത്രയും പണമെന്ന്. ഒരു രൂപ ഫീസ് വാങ്ങി ഹാജരാകുമെന്ന് ജത്മലാനി അറിയിച്ചപ്പോഴാണ് കെജ്‌രിക്ക് ശ്വാസം വീണത്.
കെ.ടി.എസ് തുള്‍സി, പി.പി റാവു, മുകുള്‍ രോഹത്ഗി ഇവരില്‍ ചിലര്‍ സൊളിസിറ്റര്‍ ജനറലും അഡീഷനല്‍ സൊളിസിറ്ററുമൊക്കെയാവുന്നു. സര്‍ക്കാറിന്റെ വക്കാലത്തുമായി നടക്കാന്‍ ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ല. 1999 മുതല്‍ 2002 വരെ സൊളിസിറ്ററായിരുന്ന സാല്‍വെ അത് തുടരാന്‍ ക്ഷണമുണ്ടായിട്ടും വിസമ്മതിക്കുകയായിരുന്നു. സാല്‍വെയുടെ കക്ഷികളുടെ പേര് കേട്ടാല്‍ പരിചയം തോന്നും. മുകേശ് അംബാനി, സുനില്‍ മിത്തല്‍, രത്തന്‍ ടാറ്റ, ലളിത് മോദി, മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദല്‍… അംബാനി സോദരന്‍മാര്‍ തമ്മിലൊരു പോര്. റിലയന്‍സ് നാച്വറല്‍ ഗ്യാസായിരുന്നു വിഷയം. മുകേശിന്റെ അഭിഭാഷകന്‍ സാല്‍വെ. അപ്പുറത്ത് ജത്മലാനി. 15 കോടിയായിരുന്നു അക്കേസിന് വേണ്ടി മാത്രം മുകേശ് വക്കീല്‍ ഫീസ് നല്‍കിയത്. ഇപ്പോഴത്തെ കേസുകളും അങ്ങനെയാണ്. കോടികളാണ് ഓരോ കേസിലെയും തര്‍ക്ക വിഷയം. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോര്‍പറേറ്റുകള്‍ കുടിശ്ശികയാക്കുന്നത് കോടികള്‍. വല്യ ഫീസുകാരായ അഭിഭാഷകരെ കോടതിയിലെത്തിക്കുന്നതോടെ കേസില്‍ വിജയം ഉറപ്പ്. സംസ്ഥാന സര്‍ക്കാറുകള്‍ക്കാകട്ടെ സാദാ വക്കീലന്‍മാരും. ലാവ്‌ലിന്‍ കേസ് വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ വഹ വക്കീലരും നിയമോപദേശകരും മടിയിലില്ലാഞ്ഞിട്ടല്ലല്ലോ.
പ്രശസ്തമായ ഒട്ടു വളരെ കേസുകള്‍ ഹരീഷ് സാല്‍വെയുടെ ഡയറിയിലുണ്ട്. നികുതി കുടിശ്ശികക്കേസില്‍ വോഡഫോണിന് വേണ്ടി ഹാജരായി. നീരാ റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയാണ് സാല്‍വെയുടെ കക്ഷി. മുല്ലപ്പെരിയാര്‍ കേസില്‍ കേരള സര്‍ക്കാരും ഇദ്ദേഹത്തിന്റെ കക്ഷിയായി. ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കേരളത്തിന് വേണ്ടി ഹാജരായതും സാല്‍വെ. വോട്ട് ചെയ്ത് തിരിച്ചു വരാമെന്ന് സമ്മതിച്ച് നാടു പിടിച്ച ഇറ്റലിക്കാര്‍ തിരിച്ചു വരില്ലെന്നായതോടെ സാല്‍വെ വക്കാലത്തൊഴിഞ്ഞു.
മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ഖാന് കോടതി വിധിച്ചത് അഞ്ചു വര്‍ഷത്തെ തടവായിരുന്നെങ്കില്‍ ഒരു രാത്രി പോലും ജയിലില്‍ കഴിയേണ്ടിവന്നില്ല ഖാന്. സാല്‍വെ അദ്ദേഹത്തിന് ജാമ്യം വാങ്ങിക്കൊടുത്തു.
മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ മുത്തഛന്‍ പി കെസാല്‍വെ അറിയപ്പെട്ട അഭിഭാഷകനായിരുന്നു. അച്ഛന്‍ എന്‍. പി.കെ സാല്‍വെ കോണ്‍ഗ്രസ് നേതാവും അമ്മ അമൃതി ഡോക്ടറുമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി തുടങ്ങിയ പ്രൊഫഷനല്‍ ജീവിതം അല്‍പം വഴിമാറി. നികുതി, ഭരണഘടന ഇതൊക്കെ ഇഷ്ട മേഖല. രണ്ട് മക്കള്‍. മകള്‍ സാനിയയും അര്‍മാന്‍ സിദ്ദീഖിയുമായുള്ള വിവാഹം ആര്‍ഭാടം കൊണ്ട് മാത്രമായിരുന്നില്ല ശ്രദ്ധേയമായത്. സ്‌പെഷല്‍ മാര്യേജ് നിയമമനുസരിച്ചായിരുന്നു. വിവാഹ രജിസ്‌ട്രേഷന്‍. പക്ഷെ വിവാഹം നടന്ന ഗോവയില്‍ സ്‌പെഷല്‍ മാര്യേജ് നിയമം ബാധകമായിരുന്നില്ല. അത് ചൂണ്ടിക്കാട്ടി ഒരാള്‍ കോടതിയെ സമീപിച്ചപ്പോഴേക്കും ഗോവന്‍ സര്‍ക്കാര്‍ ഈ നിയമം ബാധകമാക്കി ഉത്തരവിറക്കി.

chandrika: