ആഗോളതാപനത്തിന്റെയും വംശനാശത്തിന്റെയും പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും പരിഹാര നടപടികൾ കണ്ടെത്തുന്നതിനുമായി ലോകനേതാക്കൾ തിങ്കളാഴ്ച പാരിസിൽ സംഗമിക്കുന്നു. ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഒരു ഗ്രഹം ഉച്ചകോടിക്ക് ഫ്രാൻസാണ് ആതിഥേയത്വമരുളുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ജർമൻ ചാൻസലർ അംഗല മെർക്കൽ, യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൻ ഡെർ ലെയൻ തുടങ്ങി ഒട്ടേറെ നേതാക്കൾ വെർച്ചൽ ഉച്ചകോടിയിൽ സംബന്ധിക്കും.
ചൈനയിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി കോവിഡ് മഹാമാരിയെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. യു.എൻ ജൈവ വൈവിദ്ധ്യ ചർച്ചക്കുള്ള അടിത്തറ പണിയാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. ഭൂമിയുടെ ആവാസവ്യവസ്ഥകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങൾ പരിശോധിക്കുകയും 200ഓളം രാജ്യങ്ങൾ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. പല ജീവിവർഗങ്ങളും കൂട്ടവംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അമിത ചൂഷണവുമാണ് അതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.