X
    Categories: indiaNews

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; മോദിയുടെ നിര്‍ദേശങ്ങള്‍ എന്തു കൊണ്ട് പ്രായോഗികമല്ല- അഞ്ചു കാരണങ്ങള്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഒരിക്കല്‍ക്കൂടി ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് രാജ്യത്തിന്റെ അനിവാര്യതയാണ് എന്നും ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ സാമ്പത്തിക ബാധ്യതയാണ് എന്നും മോദി പറയുന്നു. നേരത്തെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്ത ആശയം ഭരണഘടനാ ദിനത്തിലാണ് മോദി ഒരിക്കല്‍ക്കൂടി ചര്‍ച്ചയ്ക്കു വയ്ക്കുന്നത്.

കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാലുള്ള പ്രശ്‌നങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുന്നു.

  1. നമ്മുടെ ഭരണഘടനയ്ക്ക് പാര്‍ലമെന്റിനെ പോലെ പ്രധാനമാണ് സംസ്ഥാന നിയമനിര്‍മാണ സഭകളും. ഓരോന്നിനും അതിന്റേതായ ഭരണഘടനാ അവകാശങ്ങള്‍ ഉണ്ട്. അത് സ്വയം നിശ്ചയിക്കാനുള്ള അവകാശവുമുണ്ട്. ഫെഡറലിസത്തിന്റെ അന്തസ്സത്ത സംരക്ഷിക്കേണ്ടത് ഉണ്ട് എങ്കില്‍ നിയമസഭകളുടെ അധികാരം വകവച്ചു കൊടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പിന് കേന്ദ്രീകൃത സംവിധാനം ദോഷം ചെയ്യും.
  2. അഞ്ചു വര്‍ഷമാണ് ഒരു നിയമസഭയുടെ കാലാവധി. അതിനു മുമ്പ് സര്‍ക്കാര്‍ വീണാല്‍ പിന്നെ എന്തു ചെയ്യും? ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയ പ്രകാരം അടുത്ത ജനവിധി വരാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. അത്രയും കാലം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരും. രാഷട്രപതി ഭരണം ജനപ്രാതിനിധ്യ പ്രകാരമുള്ള സര്‍ക്കാറാകില്ല. അത് ജനാധിപത്യത്തിന്റെ നിഷേധമാണ്.
  3. അഞ്ചു വര്‍ഷം തികയ്ക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വീണാല്‍ എന്തു ചെയ്യും? കേന്ദ്രത്തില്‍ രാഷ്ട്രപതി ഭരണം ഭരണഘടന അനുശാസിക്കുന്നില്ല. മറ്റൊരു പൊതുതെരഞ്ഞെടുപ്പ് തന്നെ ശരണം.
  4. ലോക്‌സഭ ഇല്ലാതാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ ഭരണം വേണ്ടെന്നു വയ്ക്കാനാകുമോ? അതിനു കഴിയില്ല.
  5. ചെലവു ചുരുക്കാം എന്നതു കൊണ്ടു മാത്രം ഭരണവ്യവസ്ഥയില്‍ ക്രമരാഹിത്യം ഉണ്ടാകാന്‍ പാടില്ല. ബ്യൂറോക്രസിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണസംവിധാനം കൂടിയാകും ഇത്. അതു കൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തില്‍ സമ്പൂര്‍ണമായ അവ്യവസ്ഥയ്ക്ക് ഇത് കാരണമാകും.

(ആശയങ്ങള്‍ക്ക് കടപ്പാട്- വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ഥാപ്പര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ഹൗ വണ്‍ നാഷന്‍, വണ്‍ ഇലക്ഷന്‍ കുഡ് ആള്‍ട്ടര്‍ ഔര്‍ പൊളിറ്റികല്‍ സിസ്റ്റം എന്ന ലേഖനം)

Test User: