ഗുജറാത്തില്‍ ഒരാള്‍ക്ക് കൂടി എച്ച്.എം.പി.വി വൈറസ് സ്ഥിരീകരിച്ചു. എട്ടു വയസുള്ള കുട്ടിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ എച്ച്.എം.പി.വി കേസുകളുടെ എണ്ണം മൂന്നായി. പ്രാന്തജി താലൂക്കിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ ലാബിലെ പരിശോധനയില്‍ രോഗബാധ കണ്ടെത്തുകയായിരുന്നു. സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ കുട്ടി ഹിമന്തനഗറിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്.
ജനുവരി ആറാം തീയതിയാണ് ഗുജറാത്തില്‍ ആദ്യ എച്ച്.എം.പി.വി കേസ് സ്ഥിരീകരിച്ചത്. രണ്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. പനി, മൂക്കടപ്പ്, ചുമ എന്നിവയായിരുന്നു രോഗിയില്‍ ആദ്യം കണ്ട ലക്ഷണങ്ങള്‍. തുടര്‍ന്ന് ചികിത്സക്ക് ശേഷം കുട്ടി ആശുപത്രിയില്‍ നിന്ന് മടങ്ങി.
എന്നാല്‍ വ്യാഴാഴ്ച 80 വയസുള്ള ഒരാള്‍ക്കും കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആസ്തമ അടക്കമുള്ള രോഗങ്ങള്‍ അലട്ടുന്ന രോഗി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.