തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്ന് വീണ്ടും ഒരു മന്ത്രി കൂടി പുറത്തേക്ക്. എല്‍.ഡി.എഫിലെ സഖ്യ കക്ഷിയായി ജനതാദളിന്റെ മന്ത്രിയായ മാത്യൂ ടി തോമസ് സ്ഥാനം രാജിവെച്ച് പുറത്തുപോവേണ്ടിവരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. അഴിമതി ഉള്‍പ്പടേയുള്ള ആരോപണങ്ങളെ തുടര്‍ന്നും ശക്തമായ പ്രതിപക്ഷ പ്രക്ഷോഭങ്ങളെ തുടര്‍ന്നുമായിരുന്നു മറ്റ് മൂന്ന് മന്ത്രിമാരുടെ രാജിയെങ്കിലും സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് മാത്യൂ ടി തോമസിന് വെല്ലുവിളിയുയര്‍ത്തുന്നത് . മാത്യൂ ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശക്തമായ ശ്രമങ്ങളുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്.
മാത്യൂ ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ചിറ്റൂര്‍ എം.എല്‍.എഎയും ജെ.ഡി.എസ് സംസ്ഥാന പ്രസിണ്ടുമായ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് മാത്യൂ ടി തോമസ് വിരുദ്ധ പക്ഷം മുന്നോട്ടു വെക്കുന്ന ആവശ്യം. മൂന്നംഗങ്ങളാണ് ജനതാദളിന്റെ നിയമസഭാകക്ഷിയില്‍ ഉള്ളത്. വടകര എം.എല്‍.എയായ സികെ നാണുവാണ് നിയമസഭാകക്ഷി നേതാവ്. അദ്ദേഹം കൃഷ്ണന്‍കുട്ടിയെ പിന്തുണക്കും. അങ്ങനെ വന്നാല്‍ നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം പരിഗണിച്ച് മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ പ്രധാന ആവശ്യം. മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി കൃഷ്ണന്‍കുട്ടി ജനതാ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ഇന്നും നാളെയുമായി കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയവും മാത്യൂ ടി തോമസിന്റെ മന്ത്രി സ്ഥാനം തന്നെയാവും. നിയമസഭാകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് പുതിയ മന്ത്രിയെ നിശ്ചയിക്കണമെന്ന ആവശ്യം യോഗത്തില്‍ കൃഷ്ണന്‍കുട്ടി വിഭാഗം ഉയര്‍ത്തും. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാവും മാത്യൂ ടി തോമസ് പക്ഷത്തിന്റെ ലക്ഷ്യം. പാര്‍ട്ടി ദേശീയ സെക്രട്ടറി ദാനിഷ് അലിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് വര്‍ഷക്കാലയളവിലെ സര്‍ക്കാരിന്റേയും മന്ത്രിയുടേയും പ്രവര്‍ത്തനം, ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ട. യോഗത്തില്‍ മന്ത്രിസ്ഥാനത്തെക്കുറിച്ച് സമ്മര്‍ദ്ദം ഉണ്ടാക്കി വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തെ ഇടപെടുത്താനാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ ശ്രമം.
മന്ത്രിസഭാ രൂപീകരണ ഘട്ടത്തില്‍ തന്നെ മന്ത്രിസ്ഥാനത്തിന് കൃഷ്ണന്‍കുട്ടി അവകാശവാദം ഉന്നയിച്ചിരുന്നു. അന്ന് നിയമസഭാകക്ഷിയിലും പാര്‍ട്ടിയിലും കൃഷ്ണന്‍കുട്ടിക്കായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2006ല്‍ ഇടത് മന്ത്രിസഭയില്‍ നിന്ന് ഇടയ്ക്ക് മാറിനില്‍ക്കേണ്ടി വന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എമ്മിന്റെ പിന്തുണയോടെ കേന്ദ്രനേതൃത്വം മാത്യൂ ടി തോമസിന് മന്ത്രിസ്ഥാനം നല്‍കുകയായിരുന്നു. ഇതില്‍ കൃഷ്ണന്‍ കുട്ടിക്ക് അന്നേ അമര്‍ശമുണ്ട്.
ആദ്യ രണ്ടുവര്‍ഷം മന്ത്രി സ്ഥാനം എന്ന ധാരണയിലാണ് മാത്യൂ ടി തോമസിന് മന്ത്രിസ്ഥാനം ലഭിച്ചത് എന്നാണ് കൃഷ്ണന്‍കുട്ടി പക്ഷത്തിന്റെ വാദം. പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും സഹായിക്കാത്ത മന്ത്രിയാണെന്ന ആക്ഷേപവും മാത്യൂ ടി തോമസിനെതിര ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ധാരണയും മന്ത്രിസഭാ രൂപീകരണ വേളയില്‍ ഉണ്ടായിട്ടില്ലെന്ന് മാത്യൂ ടി തോമസ് പക്ഷം തിരിച്ചടിച്ചു. പാര്‍ട്ടിയിലെ ചിലര്‍ പറയുന്ന കാര്യങ്ങള്‍ മന്ത്രിയെന്ന നിലയില്‍ സാധിച്ചുകൊടുക്കാത്തതിന്റെ പ്രതികാര നീക്കമാണിതെന്നാണ് മാത്യൂ ടി തോമസ് പക്ഷത്തിന്റെ മറ്റൊരു വാദം. ഈ സാഹചര്യത്തില്‍ ഇന്നും നാളെയുമായി ചേരുന്ന പാര്‍ട്ടി യോഗം ഏറെ നിര്‍ണ്ണായകമാണ്. ഇന്ന് സംസ്ഥാന കമ്മിറ്റിയും നാളെ സംസ്ഥാന കൗണ്‍സിലുമാണ് നടക്കുന്നത്.
രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടെ പിണറായി മന്ത്രിസഭയില്‍ നിന്നും മൂന്ന് മന്ത്രിമാരാണ് രാജിവെച്ച് പുറത്ത് പോയത്.ബന്ധുനിയമനത്തിന്റെ പേരില്‍ സി.പി.എം മന്ത്രിയായ ഇ.പി ജയരാജനാണ് ആദ്യം രാജിവെച്ച് പുറത്ത് പോയത്. പിന്നീട് വിവാദമായ ഫോണ്‍ വിളിയുടെ പേരില്‍ എന്‍.സി.പിയുടെ മന്ത്രിയായ ശശീന്ദ്രന്റേയും മന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. ശശീന്ദ്രനു പകരം വന്ന എന്‍.സി.പി മന്ത്രി തോമസ് ചാണ്ടിയാണ് മൂന്നാമത് പിണറായി സര്‍ക്കാറില്‍ നിന്നും രാജിവെച്ച മന്ത്രി. കായല്‍ കയ്യേറിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് തോമസ് ചാണ്ടി രാജിവെച്ചത്. പിന്നീട് ഫോണ്‍ കെണി വിവാദത്തില്‍ നിന്നും കുറ്റവിമുക്തനായതിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. മന്ത്രിസഭ അഴിച്ചു പണിക്ക് സിപിഎമ്മും ശ്രമം നടത്തുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനാണ് സിപിഎം നീക്കം.