തിരുവനന്തപുരം: കെ.എസ് ശബരിനാഥന് ജാമ്യം ലഭിച്ചത് കേരള പൊലീസിന്റെ നാണക്കേടുകളുടെ കിരീടത്തിലെ മറ്റൊരു തൂവല്‍കൂടിയായി. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തുടരെത്തുടരെ കോടതിയില്‍ നാണം കെടുകയാണ് കേരള പൊലീസ്. കോടതിയില്‍ വിയര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി സര്‍ക്കാര്‍ അഭിഭാഷകര്‍. ഓരോ കേസുകളിലും എങ്ങനെ നീങ്ങണമെന്ന ഉപദേശം നിയമവിദഗ്ധരല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിവരയിട്ടുറപ്പുക്കുന്നതാണ് ഓരോ സംഭവങ്ങളും.
പീഡനകേസിലും മതവിദ്വേഷപ്രസംഗക്കേസിലും പി.സി ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചതും പൊലീസിന് കടന്ന നാണക്കേടായി. മതവിദ്വേഷ പരാമര്‍ശകേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിക്കുകയായിരുന്നു. ജോര്‍ജിന്റെ അറസ്റ്റില്‍ സിആര്‍പിസി 41 പ്രകാരം നടപടി ക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ മുഖം വികൃതമായ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെയെല്ലാം കള്ളക്കേസില്‍ കുടുക്കുകയാണെന്നാണ് ആരോപണം. ആലപ്പുഴയിലും എറണാകുളത്തും പാലക്കാടും ഒരു പ്രത്യേക ന്യൂനപക്ഷവിഭാഗത്തിന് നേരെ പൊലീസ് നടത്തിയ നരനായാട്ടും കേസെടുക്കലും ഏറെ വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരെ ചുമത്തിയത് ഭീകരമായ വകുപ്പുകളായിരുന്നു. ഇതില്‍ പലതും തെളിവില്ലാത്തതിനാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ജനകീയപ്രക്ഷോഭങ്ങളെ ഇത്തരത്തില്‍ നേരിട്ടാല്‍ കോടതിയുടെ വിമര്‍ശനത്തിനിടയാക്കുമെന്നുമുള്ള നിയമോപദേശം പോലും അവഗണിച്ചാണ് പൊലീസ് നീങ്ങുന്നത്. സ്വപ്‌നസുരേഷിന്റെ കേസില്‍ ധൃതിപിടിച്ചുള്ള നീക്കങ്ങളും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സര്‍ക്കാര്‍ ബ്രൂവറി-ഡിസ്റ്റിലറികള്‍ അനുവദിച്ചതില്‍ അഴിമതി നടന്നെന്നാരോപിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലും സര്‍ക്കാറിനും വിജിലന്‍സിനും കനത്ത തിരിച്ചടിയാണ് ലഭിച്ചത്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയ സമയത്തുള്ള സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന ചെന്നിത്തലയുടെ അപേക്ഷയും തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി അനുവദിച്ചതും സര്‍ക്കാറിന്റെ മുഖത്തെ കരിപ്പാടായി.