തിരുവനന്തപുരം: റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി എച്ച്.ഐ.വി ബാധിച്ച് മരിച്ചതായി ആരോപണം. ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മാര്‍ച്ച് 26നാണ് മരിച്ചത്. ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചത് വഴിയാണ് എച്ച്.ഐ.വി ബാധിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ആര്‍.സി.സിയില്‍ നിന്ന് മാത്രമല്ല, കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആര്‍.സി.സി അധികൃതരുടെ വിശദീകരണം. മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനമാണെന്നും അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പ്രതികരിച്ചു. എച്ച്.ഐ.വി ബാധിച്ചതായി ആസ്പത്രി അധികൃതര്‍ തന്നെ കുട്ടിയോട് പറഞ്ഞിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിലും എച്ച്.ഐ.വി സ്ഥിരീകരിച്ചിരുന്നു. രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്.ഐ.വി പടര്‍ന്നതെന്ന് തെളിഞ്ഞിട്ടുണ്ട്.