കോഴിക്കോട്: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ആര്‍എസ്എസ് സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആകര്‍ഷണീയവും അതേസമയം വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് തോന്നുന്നതുമായ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ പോലും വലിയ പ്രചാരണം ലഭിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയെ നിയന്ത്രിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആര്‍എസ്എസിന്റെ പ്രത്യേക വിഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏകീകൃത പെന്‍ഷനെന്ന ആശയത്തിലെ ജനകീയത മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ദീര്‍ഘകാലത്തേക്കുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് മൂവ്‌മെന്റിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം പൊതുസമൂഹത്തില്‍ ആര്‍.എസ്.എസുകാരനെന്ന ലേബല്‍ ഇല്ലാത്ത ആര്‍.എസ്.എസില്‍ ശക്തമായ വേരുകളുള്ള ആളുകളാണ് ഒഐഒപിയെ നിയന്ത്രിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രത്യക്ഷത്തില്‍ സംഘ് പരിവാര്‍ വിരോധികളായവരെ പോലും ഭാവിയില്‍ ഈ മൂവ്‌മെന്റിലൂടെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. വളരെ തുച്ഛമായ പെന്‍ഷന്‍ തുക മാത്രം കൈപ്പറ്റുന്ന സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ പുതിയൊരു രാഷ്ട്രീയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
2013 നു ശേഷം സര്‍ക്കാര്‍ സര്‍വിസില്‍ പങ്കാളിത്ത പെന്‍ഷനാണ് നിലവിലുള്ളത്. റിട്ടയര്‍മെന്റ് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഓരോ ജീവനക്കാരനും തന്റെ അടിസ്ഥാന ശമ്പളവും ഡി.എയും കൂടിയ തുകയുടെ 10 ശതമാനം പെന്‍ഷന്‍ വിഹിതമായി അടയ്ക്കണം. ഈ വസ്തുതയും സംഘടന മറച്ച് വയ്ക്കുന്നു. കേവലം 19,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു ക്ലാര്‍ക്ക് പോലും മാസം തോറും 2280 രൂപ പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കണം. ഇത്രയും തുക സര്‍ക്കാര്‍ ജോലി ഇല്ലാത്തവര്‍ക്കു വേണ്ടി ആവിഷ്‌കരിച്ചിട്ടുളള വിവിധ പെന്‍ഷന്‍ പദ്ധതികളിലൊന്നില്‍ പ്രതിമാസം നിക്ഷേപിച്ചാല്‍ ഏവര്‍ക്കും പെന്‍ഷന്‍ ലഭ്യമാകുമെന്നതും ഇവര്‍ മറച്ചുവയ്ക്കുന്നു.
സ്വാമിനാഥന്‍ കമ്മിഷന്‍ റിപോര്‍ട്ട് പ്രകാരം ഉല്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുമെന്ന ബിജെപി സര്‍ക്കാറിന്റെ വാഗ്ദാനം നടപ്പിലാക്കാത്തതിനെക്കുറിച്ച് അറിയാതെ പോലും ഒരക്ഷരം പുറത്തുവരാതിരിക്കാന്‍ അസാമാന്യ മെയ് വഴക്കമാണിവര്‍ കാണിക്കുന്നതെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇല്ലാത്ത ശത്രുവിനെയും അയഥാര്‍ഥ കാരണങ്ങളെയും ചൂണ്ടികാണിച്ച് ജനങ്ങളില്‍ ശത്രുത വളര്‍ത്തുകയെന്ന ഫാസിസ്റ്റ് ശൈലിയാണ് ഇവിടെയും കാണുന്നത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കലും അവരെ പൊതു ജനങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തലും കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമാണ്. ഈ താല്‍പ്പര്യങ്ങളാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടനയിലൂടെ നിറവേറ്റപ്പെടുന്നതെന്നും ഇന്റലിജന്‍സ് റിപോര്‍ട്ട് വിശദീകരിക്കുന്നു.