കാസര്‍കോട്: നാലിലൊന്ന് സ്ത്രീകള്‍ക്ക് പ്രസവാനന്തര വിഷാദരോഗമെന്ന് പഠനം. കേരള കേന്ദ്ര സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ പഠനവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയലക്ഷ്മി രാജീവിന്റെ മേല്‍നോട്ടത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി വിസ്മയരാജ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലെ അമ്മമാരില്‍ പ്രസവാനന്തര വിഷാദരോഗത്തിന്റെ വ്യാപനവും ബാധിക്കുന്ന ഘടകങ്ങളും കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടന ഏഴില്‍ ഒരാള്‍ക്കാണ് പ്രസവാനന്തര വിഷാദരോഗമുള്ളതായി പറയുന്നത്.
ജില്ലയിലെ 220ഓളം അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 55 പേര്‍ക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദ രോഗമുണ്ടെന്ന് കണ്ടെത്തി. സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ സന്തോഷകരമായ പുതിയ ഘട്ടത്തിന്റെ തുടക്കമാണ് മാതൃത്വം. എന്നാല്‍ എല്ലാ സ്ത്രീകളും പ്രസവശേഷം സന്തോഷവതികളായിരിക്കണമെന്നില്ല. പ്രസവശേഷമുള്ള ഹോര്‍മോണുകളിലെ വ്യതിയാനം, പ്രസവത്തിലെ സങ്കീര്‍ണതകള്‍, മാനസിക ഘടകങ്ങള്‍ എന്നിവ കാരണം അമ്മമാര്‍ പ്രസവാനന്തര വിഷാദരോഗാവസ്ഥയിലൂടെ കടന്നു പോകുന്നു.സ്ത്രീകളുടെ വിദ്യാഭ്യാസം, ഭര്‍ത്താവിന്റെ വിദ്യാഭ്യാസം, തൊഴില്‍, തുടങ്ങിയ ഘടകങ്ങള്‍ പ്രസവാനന്തര വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നതായും കണ്ടെത്തി.
ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചുള്ള അമ്മമാരുടെ തീരുമാനങ്ങള്‍, ഗര്‍ഭകാലത്തെ ആശങ്കകള്‍, പ്രസവത്തിനു ശേഷമുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയും കാരണമാകുന്നുണ്ട്. കമ്മ്യൂണിറ്റി സര്‍വെ അടിസ്ഥാനമാക്കി അമ്മമാര്‍ക്കിടയില്‍ പ്രസവാനന്തര വിഷാദരോഗം സംബന്ധിച്ച് നടത്തിയ ആദ്യത്തെ പഠനമാണിത്. വിഷാദരോഗം കണ്ടെത്തിയ ഭൂരിഭാഗം സ്ത്രീകളും ഇത് മനസിലാക്കുകയോ ആരോഗ്യ സേവനം തേടുകയോ ചെയ്തിട്ടില്ല. സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെയും ആരോഗ്യ പരിരക്ഷാ സംവിധാനം ശക്തമാക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.